x
കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ചിന്നക്കടയിൽ അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ

 സാമ്പത്തിക അവസ്ഥയും താളം തെറ്റുന്നു

കൊല്ലം: സമ്പൂർണ ലോക്ക് ഡൗണിലേക്ക് ജില്ല നീങ്ങിയതോടെ ജനങ്ങളുടെ സാധാരണ ജീവിതം മാത്രമല്ല സാമ്പത്തിക നിലയും താളം തെറ്റുകയാണ്. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്ന് സുരക്ഷിതമായി മാസ ശമ്പളം വാങ്ങാത്ത എല്ലാ വിഭാഗം ജനങ്ങളും ലോക്ക് ഡൗണിന്റെ ദുരിതം അനുഭവിക്കുകയാണ്. മത്സ്യബന്ധന മേഖലയും ടൂറിസവുമാണ് കുറച്ചു കാലങ്ങളായി ജില്ലയുടെ പ്രധാന വരുമാന മാർഗം. മാർക്കറ്റുകൾ അടയ്ക്കുകയും ജനങ്ങൾ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തുകയും ചെയ്തതോടെ മത്സ്യത്തിന് ആവശ്യം കുറഞ്ഞിരുന്നു. പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രോളിംഗ് ബോട്ടുകൾ കടലിൽ പോകുന്നത് പരിമിതപ്പെടുത്തി. ഇതോടെ കൊല്ലത്തെ ശക്തികുളങ്ങര, നീണ്ടകര, വാടി മേഖലകളിൽ മൽസ്യബന്ധനം നടത്തി ഉപജീവനം കഴിയുന്ന ആയിരങ്ങൾ പട്ടിണിയിലേക്ക് പോവുകയാണ്. വില്പനക്കാരും ഇടനിലക്കാരും ഉൾപ്പെടെ ജീവിത ദുരിതത്തിലേക്ക് പോകുന്നവരുടെ എണ്ണം ഈ മേഖലയിൽ എത്രയുണ്ടെന്ന് തിട്ടപ്പെടുത്താനാകില്ല. കൊല്ലത്തിന്റെ മറ്റൊരു പ്രധാന വരുമാന മാർഗമായ അഷ്ടമുടിയും മൺറോത്തുരുത്തും ഉൾപ്പെടുന്ന ടൂറിസം മേഖല നിശ്ചലമായി. ഹൗസ് ബോട്ട്, ഹോട്ടലുകൾ, ഹോം സ്റ്റേ, മൺറോത്തുരുത്തിലെ കൊതുമ്പ് വള്ളങ്ങൾ തുടങ്ങി നഷ്ടങ്ങളുടെ പട്ടികയിൽ കോടി കണക്കിന് രൂപ എഴുതി ചേർക്കേണ്ടി വരും. തൊഴിൽ നഷ്ടം നേരിടുന്ന കശുഅണ്ടി തൊഴിലാളികൾ, കയർ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, കർഷകർ എന്നിവർക്കൊപ്പം സ്വകാര്യ ബസ് - സമാന്തര സർവീസ് -ഓട്ടോ-ടാക്സി തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ചെറിയ കടകൾ, ലോട്ടറി തുടങ്ങി കണക്കെടുക്കാൻ കഴിയാത്ത മേഖലകളിൽ ദുരിതം പ്രകടമാണ്. മൂന്നാഴ്ചക്കാലം വരുമാനം നിലയ്ക്കുമ്പോൾ അതിന്റെ കെടുതിയിൽ നിന്ന് പുറത്ത് വരിക സാധാരണക്കാരുടെ ജില്ലയായ കൊല്ലത്തിന് എളുപ്പമാകില്ല. ജനങ്ങൾ പുറത്തിറങ്ങാത്തതിനാൽ തുറന്നിരിക്കുന്ന സ്ഥപനങ്ങളിൽ പോലും വിൽപ്പന കുറവാണ്. സ്വകാര്യ ആശുപത്രികൾ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുകയാണ്. രോഗ നിർണയം നടത്തുന്ന ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയവയിലും വരുമാന നഷ്ടം പ്രകടമാണ്. രാജ്യമെങ്ങുമുള്ള സാമൂഹിക അവസ്ഥയിലാണ് കൊല്ലം എങ്കിലും ജില്ലയുടെ സാമ്പത്തിക സ്ഥിതിയും ജീവിത സാഹചര്യവും തീർത്തും മോശമാവുകയാണ്.