navas
ശാസ്താംകോട്ട ഫിൽട്ടർ ഹൗസിനു സമീപം കനാൽ ജലം കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നു

 ഫിൽറ്റർ ചെയ്ത ശേഷം മലിനജലം ഒഴുക്കുന്നത് ശാസ്താംകോട്ട തടാകത്തിലേക്ക്

ശാസ്താംകോട്ട: കൊറോണയെ തുടർന്നുള്ള ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന പൊതുജനങ്ങൾക്ക് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നത് മലിനമായ കനാൽ ജലമെന്ന് പരാതി. കനാലിൽ നിന്ന് പമ്പ് ചെയ്യുന്ന ജലം ശാസ്താംകോട്ട തടാകത്തിലെ ജലവുമായി കൂട്ടിക്കലർത്തി പമ്പ് ചെയ്യുന്നതായാണ് ആരോപണം. വൃത്തിഹീനമായ സാഹചര്യത്തിൽ ഒഴുകിവരുന്ന ഈ ജലം കൊല്ലം നഗരത്തിലെയും ചവറ, കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിലെയും ഉൾപ്പെടെ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഉപയോഗിക്കുന്നത്.

തടാകത്തിലെയും കനാലിലെയും ജലം കൂട്ടിക്കലർത്തി ഫിൽറ്റർ ഹൗസിൽ ശുദ്ധീകരിച്ച ശേഷം ദുർഗന്ധ പൂരിതയമായ മലിനജലം തടാകത്തിലേക്ക് ഒഴുക്കുന്നതായും ആരോപണമുണ്ട്. മലിനജലം തടാകത്തിലേക്ക് ഒഴുക്കുന്നതിനെതിരെ മുമ്പ് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തംഗം എസ്. ദിലീപ്കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ 2020 ജൂൺ 20ന് മുമ്പ് ശാസ്താംകോട്ടയിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്നും കനാൽ ജലം കുടിവെള്ളത്തിനായി പമ്പ് ചെയ്യില്ലെന്നും ജല അതോറിറ്റി ഉറപ്പ് നൽകിയിരുന്നു.

ഇവയെല്ലാം കാറ്റിൽപ്പറത്തിയാണ് ലോക്ക് ഡൗണിന്റെ മറവിൽ ജനങ്ങളെ കനാൽ ജലം കുടിപ്പിക്കുന്നത്. ജല അതോറിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

 ബദൽ കുടിവെള്ള പദ്ധതി അട്ടിമറിച്ചു

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കല്ലടയാറ്റിലെ ജലം കടപുഴ ഭാഗത്ത് നിന്ന് ശാസ്താംകോട്ടയിലെ ശുദ്ധീകരണ ശാലയിലെത്തിച്ച് ശുദ്ധീകരിച്ച് കുടിവെള്ളത്തിനായി വിതരണം ചെയ്യുന്ന ബദൽ കുടിവെള്ള പദ്ധതി അട്ടിമറിച്ചെന്ന് ആക്ഷേപം. പദ്ധതിക്കായി കടപുഴയിൽ പ്രത്യേക റഗുലേറ്റർ സ്ഥാപിക്കുന്നതിന് 19 കോടി രൂപയും ശാസ്താംകോട്ടയിലെ ശുദ്ധീകരണ ശാലയിൽ എത്തിക്കുന്നതിനായി 14.5 കോടി രൂപയും അനുവദിച്ചിരുന്നു.

കടപുഴ മുതൽ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചെങ്കിലും പിന്നീട് സർക്കാർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ സർക്കാരിന് 8.5 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സി.എ.ജി റിപ്പോർട്ട്.


ജലവിതരണം മുടങ്ങാതിരിക്കണമെങ്കിൽ നിലവിൽ കനാൽ ജലം ഉപയോഗിച്ചേ മതിയാകൂ

റോയി ജോർജ്

അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ

ജല അതോറിറ്റി

 ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത് വരെ കനാൽ ജലം പമ്പ് ചെയ്യില്ലെന്ന ഉറപ്പ് ജല അതോറിറ്റി ലംഘിച്ചിരിക്കുകയാണ്.

എസ്. ദിലീപ് കുമാർ, ഗ്രാമപഞ്ചായത്തംഗം