fire-force
അഗ്നിശമന സേന ജില്ലാ ആയുർവേദ ആശുപത്രി അണുവിമുക്തമാക്കുന്നു

 നൽകുന്നത് 150 ഓളം ജീവനക്കാർക്ക്

കൊല്ലം: ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവും ഏർപ്പെടുത്തി നഗരസഭ. 150 പേർക്ക് രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്ന് നേരത്താണ് ഭക്ഷണം നൽകുന്നത്. നഗരത്തിലെ പ്രധാന ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കുന്നത്.

ഒരാൾക്ക് 200 രൂപയുടെ ഭക്ഷണമാണ് ഒരു ദിവസം നൽകുന്നത്. അവശ്യ സർവീസ് ആയതിനാൽ ജില്ലാ ആശുപത്രിയിലെ ഡോക്ടമാർ അടക്കമുള്ള ജീവനക്കാർ പതിവ് പോലെ ജോലിക്ക് എത്തുകയാണ്. ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവർക്ക് അധിക സമയവും ജോലി ചെയ്യേണ്ടി വരുന്നു. അതുകൊണ്ട് തന്നെ പലർക്കും വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ കഴിയുന്നില്ല. പുറത്ത് പോയി കഴിക്കാൻ ഹോട്ടലുകളും അവധിയാണ്. ഈ സാഹചര്യത്തിലാണ് നഗരസഭ ഭക്ഷണം എത്തിക്കാൻ തീരുമാനിച്ചത്. ബസ് സർവീസുകളും ട്രെയിനുകളും നിലച്ചിതിനൊപ്പം അനാവശ്യ യാത്രകൾ ഒഴിക്കാൻ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം വന്നതോടെയാണ് താമസ സൗകര്യവും ഒരുക്കുന്നത്. നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങൾ ഏറ്റെടുത്ത് ജീവനക്കാരെ ആശുപത്രിയിൽ നിന്ന് ഹോട്ടലുകളിൽ എത്തിക്കും.

നഗരസഭയുടെ നേതൃത്വത്തിലുള്ള സ്‌കൂൾ പ്രഭാത ഭക്ഷണ പദ്ധതിയുടെ കരാറുകാരനെയാണ് ജില്ലാ ആശുപത്രിയിൽ ഭക്ഷണം എത്തിക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ തുടങ്ങിയ പദ്ധതി ഈമാസം 31 വരെ തുടരാനാണ് ഇപ്പോഴത്തെ ആലോചന. ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളിൽ അയവ് വന്നില്ലെങ്കിൽ പദ്ധതി കൂടുതൽ ദിവസത്തേക്ക് നീട്ടും.

അലഞ്ഞ് നടക്കുന്നവർക്ക നൈറ്റ് ഷെൽട്ടർ

നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെ പൊലീസിന്റെ സഹായത്തോടെ കന്റോൺമെന്റിലെ നൈറ്റ് ഷെൽട്ടറിലും ഇലവന്തിയിലെ പകൽ വീട്ടിലേക്കും മാറ്റിപ്പാർപ്പിച്ച് തുടങ്ങി. ഇവ‌ർക്ക് സൗജന്യമായി ഭക്ഷണവും എത്തിക്കുന്നുണ്ട്.

''

ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാരുമടക്കം 500 പേർക്ക് വരും ദിവസങ്ങളിൽ നഗരസഭ സൗജന്യമായി ഭക്ഷണം എത്തിക്കും. തനത് ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക ചെലവഴിക്കുന്നത്. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും ജാഗ്രതയോടെ ഇടപെടുന്നുണ്ട്.

ഹണി ബഞ്ചമിൻ, മേയർ

''

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തകർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിക്കാൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നത്.

പി.ജെ.രാജേന്ദ്രൻ

നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ