fish

 തിരക്ക് നിയന്ത്രണാതീതമായാൽ ചന്തകൾ അടയ്ക്കാൻ ആലോചന

 ചിലയിടങ്ങളിൽ മത്സ്യവില്പനയ്ക്ക് വിലക്ക്

കൊല്ലം: ലോക്ക് ഡൗണിന്റെ രണ്ടാം ദിനമായ ഇന്നലെയും ജില്ലയിലെ ചന്തകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. പതിവ് പോലെ രാവിലെ ചന്തകളിലേക്ക് ആളുകൾ ഒഴുകിയെത്തുകയായിരുന്നു. തിരക്ക് നിയന്ത്രാണാതീതമായാൽ ചന്തകൾ അടയ്ക്കാനുള്ള ആലോചനയും തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി.

എല്ലാ ചന്തകളിലും മത്സ്യക്കച്ചവടക്കാർക്ക് മുന്നിൽ വലിയ ജനക്കൂട്ടമായിരുന്നു. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ അടച്ചെങ്കിലും വാടി, പോർട്ട് കൊല്ലം തുടങ്ങിയിടങ്ങളിൽ ചെറുവള്ളങ്ങളിൽ മത്സ്യം എത്തുന്നുണ്ട്. ഇവിടെ നിന്നുള്ളതിന് പുറമേ തമിഴ്നാട്ടിൽ നിന്നും വടക്കൻ ജില്ലകളിൽ നിന്നുമുള്ള മത്സ്യമാണ് പ്രധാനമായും എത്തുന്നത്.

പൊലീസും നഗരസഭാ ആരോഗ്യ വിഭാഗവും ഇടപെട്ടിട്ടും തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ കൊല്ലം നഗരത്തിലെ പള്ളിമുക്ക്, പുന്തലത്താഴം, ഇരവിപുരം, രാമൻകുളങ്ങര, കാവനാട് ചന്തകളിൽ ഇന്നലെ പത്തുമണിയോടെ മത്സ്യവില്പന നിരോധിച്ചു. ചന്തയ്ക്ക് പുറത്ത് നിശ്ചിത അകലത്തിൽ മത്സ്യവില്പനയ്ക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്താനും ആലോചനയുണ്ട്.