labourers

 ഭക്ഷണത്തിനുള്ള വക പോലും ശേഷിക്കുന്നില്ല

കൊല്ലം: തൊഴിൽ ശാലകളും പണിയിടങ്ങളും നിലച്ചതോടെ ദിവസ വേതനക്കാരായ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക്. എണ്ണമറ്റ തൊഴിലാളികൾ ആശ്രയിക്കുന്ന നിർമ്മാണ മേഖല പൂർണമായും സ്തംഭിച്ചു. മുൻകൂട്ടി നിർമ്മാണ സാമഗ്രികൾ ഇറക്കി സൂക്ഷിച്ചിരുന്ന ഇടങ്ങളിൽ മാത്രമാണ് ഇന്നലെ ജോലി നടന്നത്. നിർമ്മാണ മേഖലയ്ക്ക് പുറമെ ഹോട്ടലുകളിലെ തൊഴിലാളികൾ, ബസ് കണ്ടക്ടർ, ഡ്രൈവർ, ആട്ടോറിക്ഷ തൊഴിലാളികൾ, കശുഅണ്ടി തൊഴിലാളികൾ, വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങിലെ തൊഴിലാളികൾക്ക് ജോലി ഉണ്ടെങ്കിൽ മാത്രമേ ശമ്പളം ഉള്ളൂ. 21ദിവസം തൊഴിൽ ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരികയെന്നത് ഇവരെ സംബന്ധിച്ച് ചിന്തിക്കാൻ പോലുമാകാത്ത ദുരിതമാണ്. ജോലി കഴിയുന്ന വൈകുന്നേരങ്ങളിലും ആഴ്ച അവസാനവും കൂലി വാങ്ങുന്നവരാണ് എല്ലാവരും. റേഷൻ ഉൾപ്പെടെയുള്ള സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതിന്റെ വിതരണത്തിൽ വ്യക്തത വന്നിട്ടില്ല. കൈയിൽ പണം കിട്ടുമ്പോൾ വീട്ടിലേക്കുള്ളത് വാങ്ങുക എന്നതാണ് മിക്ക തൊഴിലാളി കുടുംബങ്ങളുടെയും രീതി. അതിനാൽ തന്നെ ഇപ്പോൾ മിക്ക കുടുംബങ്ങളിലും ഏപ്രിൽ 14 വരെ ഭക്ഷണം കഴിക്കാനുള്ള സാധനങ്ങൾ ശേഷിക്കുന്നില്ല. ഇത് വാങ്ങാനുള്ള പണവും ഇവരുടെ പക്കലില്ല. കൊറോണയുടെയും ലോക്ക് ഡൗണിന്റെയും എല്ലാവിധ ദുരിതങ്ങളും അനുഭവിക്കുന്നത് ഇത്തരം സാധാരണക്കാരാണ്. 21 ദിവസത്തിന് ശേഷവും നാടിന്റെ സാമ്പത്തിക നിലയിൽ തകർച്ച നേരിട്ടാൽ തൊഴിലും വരുമാനവും വീണ്ടും വൈകും. സൗജന്യ റേഷൻ കാലതാമസം ഇല്ലാതെ ഇവരുടെ പക്കൽ എത്തിക്കണമെന്ന് മാത്രമല്ല, അടിയന്തര സാമ്പത്തിക സഹായങ്ങളും ഇത്തരം കുടുംബങ്ങൾക്ക് അനിവാര്യമാണ്. ബാങ്ക് ലോൺ, സ്വകാര്യ വായ്പകൾ, വീട്ടിലേക്ക് സാധനം വാങ്ങിയ ഇൻസ്റ്റാൾമെന്റ് കുടിശിക തുടങ്ങി സാധാരണ ജീവിതങ്ങളുടെ എല്ലാ പ്രതിസന്ധികളും അനുഭവിക്കുന്നവരാണ് കൊല്ലത്തെ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികൾ.