photo
കന്നേറ്റി പാലത്തിന് സമീപം പൊലീസ് വടം കെട്ടി വാഹനങ്ങൾ തടയുന്നു.

കരുനാഗപ്പള്ളി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ പൊലീസിന്റെ പരിശോധന ശക്തമാക്കി. സ്വകാര്യ വാഹനങ്ങൾ ആവശ്യമില്ലാതെ നിരത്തിൽ ഇറക്കിയത് ഇന്നലെ പൊലീസിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു. വിജനമായ കരുനാഗപ്പള്ളി ടൗൺ കാണാനാണ് കാറുകളിലും ബൈക്കുകളിലുമായി വിവിധ സംഘങ്ങൾ എത്തിയത്. ആദ്യം പൊലീസ് ഇത്തരക്കാരെ പറഞ്ഞ് മനസിലാക്കി തിരിച്ചയച്ചു. കൂടുതൽ വാഹനങ്ങൾ എത്താൻ തുടങ്ങിയതോടെ കന്നേറ്റി പാലത്തിന് കുറുകേ വടം വലിച്ച് കെട്ടി വാഹനങ്ങളെ തടഞ്ഞു. എല്ലാ വാഹനങ്ങളെയും വന്നിടത്തേക്ക് തന്നെ പൊലീസ് തിരിച്ച് വിട്ടു. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് ഇത്തരക്കാർ ടൗൺ ചുറ്റാൻ ഇറങ്ങുന്നത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കൊറോണ ഹെൽപ്പ് ഡെസ്ക്കിൽ ഇന്നലെ പുതുതായി 69 പേർ കൂടി രജിസ്റ്റർ ചെയ്തതോടെ മൊത്തം ആളുകളുടെ എണ്ണം 1110 ആയി. ഇന്നലെ പുതുതായി 34 പേരെ കൂടി സ്ക്രീൻ ചെയ്തു. ഇതോടെ ആകെ എണ്ണം 370 ആയി. ഇന്നലെ 17 പേരുടെ രക്തസാമ്പിൾ എടുത്തതോടെ പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 35 ആയി. ആരോഗ്യ വകുപ്പിലെ ഉദ്യാഗസ്ഥർ ഇന്നലെ നിരീക്ഷണത്തിൽ വീടുകളിൽ കഴിയുന്നവരെ സന്ദർശിച്ച് ഉയർന്ന ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ താലൂക്ക് തല ഉദ്യോഗസ്ഥ മേധാവികളുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. പൊതുമരാമത്ത് റെസ്റ്റ് ഹൗസ്, ഓച്ചിറ ഓങ്കാര സത്രം, ഗവ. റീജിയണൽ ഫിഷറീസ് ഹൈസ്കൂൾ ഹോസ്റ്റൽ, പിഷരടി ആശുപത്രി എന്നിവ ഏറ്റെടുക്കാൻ തീരുമാനിച്ചു.