collector
ബി.അബ്ദുൽ നാസർ

 സംശയങ്ങൾക്ക് ഉത്തരവുമായി കളക്ടർ

കൊല്ലം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സംശയങ്ങളുടെ മുന്നിലൂടെയാണ് ഓരോ മണിക്കൂറും തള്ളി നീക്കുന്നത്. ജനം എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, സംശയങ്ങൾക്ക് ഉത്തരവുമായി കളക്ടർ ബി.അബ്ദുൽ നാസർ കേരളകൗമുദിയോട് സംസാരിക്കുന്നു.

 ജനം എന്ത് ചെയ്യണം?

ജനങ്ങൾ വീട്ടിൽ തന്നെയിരിക്കണം. ഇഷ്ടം പോലെ വായിക്കാം. പാട്ടു പാടാം. കൃഷി ചെയ്യാം. സർഗവാസനകൾ പ്രോത്സാഹിപ്പിക്കാം. വീട്ടുകാരുമായി ചേർന്ന് പരിസരം ശുചിയാക്കാം. കുട്ടികളുമായി വീട്ടിൽ ഏറെ നേരം ചെലവിടാം. ഇതിനൊക്കെയുള്ള വലിയ അവസരമാണിത്. എല്ലാവരും ഉപയോഗിക്കണം. ഇതൊക്കെ ചെയ്താൽ സമയം പോരെന്ന് തോന്നും. പരമാവധി പുറത്തിറങ്ങരുത്. കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണം. അടിയന്തര യാത്രകൾ അല്ലാത്തത്ലാം മാറ്റിവയ്ക്കണം. കൂട്ടമായി നിൽക്കുന്നത് ആപത്ത് ക്ഷണിച്ചു വരുത്തലാണ്. മൂന്നാഴ്ചയെന്ന് പറയുന്നത് രാജ്യരക്ഷയ്ക്കും ജീവരക്ഷയ്ക്കുമാണ്. എല്ലാവരും അനുസരിക്കണം.

 ജനം എന്ത് ചെയ്യരുത്?

ആശങ്കാകുലരാകരുത്. അനാവശ്യമായി ആകുലതകൾ പ്രചരിപ്പിക്കരുത്. ബന്ധു സമാഗമങ്ങൾ വേണ്ടെന്ന് വയ്ക്കണം. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ക്യൂവിൽ നിന്നാലും അകലം പാലിക്കണം. വിദേശത്ത് നിന്ന് വരുന്നവരെ ബന്ധത്തിന്റെ പേരിൽ പെട്ടെന്ന് പോയി കാണുന്നത് ഒഴിവാക്കണം.

 അവശ്യസാധനങ്ങൾ സുലഭമാണോ, എപ്പോൾ വരെ വാങ്ങാം?

അവശ്യസാധനങ്ങൾക്ക് കുറവില്ല. രണ്ട് മാസത്തേക്ക് ഇഷ്ടം പോലെ സാധനങ്ങൾ ജില്ലയിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. രാവിലെ 7 മുതൽ 5 വരെ വാങ്ങാം. വില കുടുതൽ എടുത്തതായി തോന്നിയാൽ ഉടൻ അറിയിക്കണം. നടപടിയുണ്ടാവും. റേഷൻ കടകളിൽ സാധനങ്ങൾക്ക് ക്ഷാമമില്ല. എല്ലാ കാർഡ് ഉടമകൾക്കും 15 കിലോ അരി കൊടുക്കുന്നത് ഉടൻ ആരംഭിക്കും. പ്രശ്നമുണ്ടെങ്കിൽ ഉടൻ പരിഹരിക്കും.

 മരണം അടക്കം അത്യാവശ്യകാര്യങ്ങൾക്ക് പോകുന്നവർ എന്ത് ചെയ്യണം?

പൊലീസ് സ്റ്റേഷനിൽ നിന്ന് കിട്ടുന്നതോ സർക്കാർ പ്രസിദ്ധീകരിച്ചതോ ആയ സത്യവാങ്മൂലം പൂരിപ്പിച്ച് കൈയിൽ കരുതണം. പരമാവധി നാലുപേർക്കാണ് യാത്ര അനുവദിക്കുക. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണം. അടിയന്തര ഘട്ടങ്ങളെ നേരിടാൻ പൊലീസ് സഹായവും ഉണ്ടാവും. യാത്ര പോകുമ്പോൾ തുടർച്ചയായി കൈകഴുന്നത് ശീലമാക്കുക.

 അടിയന്തര ഘട്ടത്തിൽ മറ്റൊരു ജില്ലയിലേക്ക് പോകാൻ എന്ത് ചെയ്യണം?

മുകളിൽ പറഞ്ഞ കാര്യങ്ങൾ തന്നെ ബാധകം. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൂടി ചെയ്താൽ നന്നായിരിക്കും.

 സാധനങ്ങൾക്ക് അമിത വിലയോ ?

അത്തരം പരാതി കിട്ടിയാൽ അടിയന്തര നടപടിയുണ്ടാവും. കേസെടുക്കുന്നതിനൊപ്പം അവർക്കെതിരെ മറ്റ് നടപടികളും ആലോചിക്കുന്നുണ്ട്. പൂഴ്ത്തിവയ്പും കരിഞ്ചന്തയും കർശനമായി നേരിടും. മുഖം നോക്കാതെ നടപടിയുണ്ടാവും.

 മത്സ്യ ചന്തകൾ നിരോധിച്ചല്ലോ ?

മത്സ്യഫെഡിന്റെ സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്. പ്രാദേശികമായി വിൽക്കുന്നതിനും തടസമില്ല. ചന്തകൾ വഴി വേണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. വീടുകളിൽ നിന്ന് ഓർഡറെടുത്ത് മത്സ്യം എത്തിക്കാവുന്നതേയുള്ളു.

 കോഴിക്കടകൾക്കും ഇറച്ചിക്കടകൾക്കും നിയന്ത്രണമുണ്ടോ?

ഭക്ഷണ വസ്തുക്കളാണിത്. വിൽക്കാം. പക്ഷേ വിൽപനശാലകളിലും ഇറച്ചിക്കടകളിലും ജീവനക്കാർ രണ്ടിൽ കൂടരുത്. വാങ്ങാൻ വരുന്നവരും തിരക്ക് കാട്ടാതെ പലപ്പോഴായി വാങ്ങി പോകണം.

 കോഴിവില കൂട്ടിയതായി കേൾക്കുന്നു?

അന്വേഷിക്കും. അന്യായ വിലയെടുക്കുന്നുവെങ്കിൽ ആ സ്ഥാപനങ്ങൾ ഇനി പ്രവർത്തിക്കാതിരിക്കാൻ പാകത്തിൽ കടുത്ത നടപടിയെടുക്കും.