stationary-store

കൊല്ലം: ലോക്ക് ഡൗൺ രാജ്യവ്യാപകമായി 21 ദിവസമാക്കിയതോടെ പലവ്യഞ്ജനക്കടകളിലെല്ലാം ഇന്നലെ തകർപ്പൻ കച്ചവടമായിരുന്നു. അവശ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പിച്ച് പറയുമ്പോഴും വിശ്വാസം വരാതെ ജനങ്ങൾ കൂട്ടത്തോടെ കടകളിലെത്തുകയായിരുന്നു.

സ്വയം സുരക്ഷയുടെ ഭാഗമായി പല കടകളിലും ഉപഭോക്താക്കളെ കടയ്ക്ക് പുറത്ത് നിറുത്തിയായിരുന്നു കച്ചവടം. ചില്ലറ വ്യാപാരികൾ വലിയ അളവിൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. സാധാരണ നിലയിൽ നടക്കുന്നതിന്റെ മൂന്നിരട്ടി കച്ചവടം കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ നടന്നതായി കൊല്ലം നഗരത്തിലെ മൊത്ത വ്യാപാരികൾ പറയുന്നു. എങ്കിലും ഒട്ടുമിക്ക വ്യാപരികളുടെയും ഗോഡൗണുകളിൽ 40 ശതമാനം സ്റ്റോക്ക് നിലവിലുണ്ട്. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് ഉപഭോക്താക്കൾ സാധാരണ വാങ്ങുന്നതിനെക്കാൾ വലിയ അളവിലാണ് ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നത്.

''

മൊത്തവ്യാപാരികളുടെ പക്കൽ നിലവിൽ ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിന് സ്റ്റോക്കുണ്ട്. സാധനങ്ങൾ കിട്ടാനില്ലെന്ന പേരിൽ വില ഉയർത്തേണ്ട സാഹചര്യമില്ല. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള ചരക്ക് ലോറികൾക്ക് നിയന്ത്രണം ഉണ്ടായില്ലെങ്കിൽ വരും നാളുകളിൽ പ്രശ്നം ഉണ്ടാകില്ല.

ടി.എം.എസ്.മണി

ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ്

കൊള്ളയുമായി ചില്ലറ കച്ചവടക്കാർ

സർക്കാർ കർശന നിർദ്ദേശം നൽകുമ്പോഴും ചില ചില്ലറ കച്ചവടക്കാർ ലോക്ക് ഡൗണിന്റെ മറവിൽ കൊള്ളവില ഈടാക്കുകയാണ്. കൊച്ചുള്ളിക്ക് 90 രൂപയും സവാളയ്ക്ക് 40 രൂപയും പച്ചരിക്ക് ചില കച്ചവടക്കാർ 60 രൂപ വരെയും ഈടാക്കുന്നുണ്ട്. പൊതുവതിരണ വകുപ്പിന്റെ ഇടപെടൽ പൊതുവിപണയിൽ ഫലപ്രദമാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.