കൊല്ലം: വിദേശത്തുനിന്ന് വന്ന ശേഷം ഗൃഹനിരീക്ഷണത്തിൽ ഇരിക്കാതെ കറങ്ങി നടക്കുന്നവരെ കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം നാട്ടുകാരും രംഗത്ത്. വിദേശത്തു നിന്ന് വന്നവർ മാത്രമല്ല അയൽ സംസ്ഥാനങ്ങൾ, രോഗ ബാധിത ജില്ലകൾ എന്നിവിടങ്ങളിൽ നിന്ന് വന്നവരും വീടിനുള്ളിൽ കഴിയണമെന്നാണ് നിർദേശം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള കാസർകോട് വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്ന നൂറുകണക്കിന് പേർ ഒരാഴ്ചക്കിടെ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇവരുടെ വിവരങ്ങൾ ശ്രമകരമായാണ് ആരോഗ്യ വകുപ്പ് ശേഖരിച്ചത്. ഇവരിൽ പലരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയാൻ തയ്യാറാകുന്നില്ല. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി.
പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും കബളിപ്പിച്ച് പിടിതരാതെ മുങ്ങുന്നവരെ കണ്ടെത്താൻ നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിരുന്നു. ഇതോടെയാണ് തങ്ങളുടെ പ്രാദേശിക ബന്ധങ്ങൾ ഉപയോഗിച്ച് പൊലീസിനൊപ്പം നാട്ടുകാരും സജീവമായത്.
യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു
കരുനാഗപ്പള്ളി ആദിനാട്ട് വിദേശത്ത് നിന്നെത്തിയ യുവാവ് നാട്ടുകാരും വീട്ടുകാരും പറയുന്നത് കേൾക്കാതെ നാടാകെ കറങ്ങി. സഹികെട്ട നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. പൊലീസ് പ്രത്യേക കേന്ദ്രത്തിലേക്ക് യുവാവിനെ മാറ്റി. ഇതിനിടെ നാട്ടുകാരിൽ ചിലർ മോശമല്ലാത്ത തരത്തിൽ കൈകാര്യം ചെയ്‌തെന്നാണ് അറിവ്.