corona-delhi

കൊല്ലം: ജാമ്യം കിട്ടാൻ ഡോക്ടർക്ക് മുന്നിൽ ചുമ അഭിനയിച്ച വധശ്രമക്കേസ് പ്രതിക്ക് ഡോക്ടറുടെ വക എട്ടിന്റെ പണി. ചുമ കൊറോണയുടെ ലക്ഷണമാകാമെന്ന് വിധിയെഴുതിയതോടെ, പ്രതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജാശുപത്രിയിലെ കൊറോണ വാർഡിൽ നിരീക്ഷണത്തിലാക്കി.

ഒരാഴ്ച മുൻപ് കൊല്ലം ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ബാർബർ ഷോപ്പിലുണ്ടായ അടപിടിയുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്കാണ് പണി കിട്ടിയത്. മുടിവെട്ടാനെത്തിയ യുവാവ് കടയിലുണ്ടായിരുന്ന മറ്റൊരു യുവാവുമായുണ്ടായ തർക്കത്തിനൊടുവിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത കൊല്ലം ഈസ്റ്റ് പൊലീസ് ചൊവ്വാഴ്ച പ്രതിയെ പിടികൂടി. റിമാൻഡ് ചെയ്യുന്നതിന് മുന്നോടിയായി വൈദ്യപരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിലെത്തിച്ചു. രോഗലക്ഷണം കാട്ടിയാൽ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഡോക്ടർക്ക് മുന്നിൽ ചുമ അഭിനയിച്ചു. ഇതോടെ ഡോക്ടർ കൊറോണയുടെ ലക്ഷണമാകാമെന്ന് അനുമാനിച്ച് പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കാൻ ശുപാർശ ചെയ്തു. പക്ഷെ പ്രതിയുടേത് അഭിനയമാണെന്ന് മനസിലാക്കിയ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.

പ്രതിയുമായി കൊല്ലം ഈസ്റ്റ് പൊലീസ് ജില്ലാ ജയിലിലെത്തി. ഡോക്ടറുടെ പരിശോധനാ റിപ്പോർട്ട് വായിച്ച ജയിൽ അധികൃതർ പ്രതിയെ അവിടെ പാർപ്പിക്കാൻ പറ്റില്ലെന്നായി. റിമാൻഡ് ചെയ്ത് കഴിഞ്ഞാൽ പ്രതിയെ ജയിലിലെത്തിക്കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വമെന്ന് പറഞ്ഞ് ഈസ്റ്റ് പൊലീസ് തടിയൂരി. ഇതോടെ കൊല്ലം ജില്ലാ ജയിൽ അധികൃതർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. അവിടെ പ്രതിക്ക് കാവലായി രണ്ട് ജയിൽ ഉദ്യോഗസ്ഥരെയും നിയോഗിച്ചു.