police-arranged-marriage

കൊട്ടാരക്കര: ലോക്ക് ഡൗൺ ഉൾപ്പടെ കർശന നടപടികൾ തുടരുമ്പോഴും കൊട്ടാരക്കര വെട്ടിക്കവലയിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ആളെക്കൂട്ടി വിവാഹം. എഴുകോൺ സ്റ്റേഷനിൽ നിന്ന് വിരമിച്ച ഗ്രേഡ് എസ്.ഐ വെട്ടിക്കവല കൊച്ചുപടിഞ്ഞാറ്റതിൽ വീട്ടിൽ ജി. രാജേന്ദ്രന്റെയും ജി. രത്നമ്മയുടെയും മകൾ ആർ. ദേവിരാജിന്റെ വിവാഹമാണ് ഓഡിറ്റോറിയം ഒഴിവാക്കി വീട്ടിൽ നടത്തിയത്. ആലപ്പുഴ അവലൂക്കുന്ന് കറുകയിൽ കോലോത്ത് വെളിയിൽ വീട്ടിൽ ഡി. ശ്രീദേവിയുടെയും പരേതനായ ബി. പൊന്നപ്പന്റെയും മകൻ ബി.പി. ശ്രീജിത്തും തമ്മിലായിരുന്നു വിവാഹം. ചെങ്ങമനാട് അരോമ ഓഡിറ്റോറിയത്തിലാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. ഉച്ചയ്ക്ക് 12.4നും 12.27നും ഇടയിലുള്ള മുഹൂർത്തത്തിൽ പങ്കെടുക്കാനായി രാവിലെ മുതൽ വീട്ടിലേക്ക് ആളുകളെത്തുന്നുണ്ടായിരുന്നു. സദ്യവട്ടവും ഒരുക്കിയിരുന്നു. ആരോഗ്യ വകുപ്പും പൊലീസും നേരത്തേതന്നെ നോട്ടീസ് നൽകിയിട്ടും കൂടുതൽ ആളുകൾ വിവാഹത്തിൽ പങ്കെടുത്തതായാണ് വിവരം. വിവാഹ വീഡിയോ പരിശോധിച്ചതിൽ മുപ്പതു പേർ മാത്രമാണ് പങ്കെടുത്തതെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വധൂവരന്മാരുടെ രക്ഷിതാക്കളും ബന്ധുക്കളുമടക്കം വിവാഹത്തിൽ പങ്കെടുത്ത 30 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. റിട്ട.പൊലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹമായതിനാൽ പൊലീസ് കേസെടുക്കുന്നതിൽ അലംഭാവം കാട്ടിയിരുന്നു. ജില്ലാ കളക്ടറും റൂറൽ എസ്.പിയും ഇടപെട്ടാണ് കേസെടുപ്പിച്ചത്. നൂറിലധികംപേർ വിവാഹത്തിൽ പങ്കെടുത്തതായാണ് വിവരം. ആളുകൾ കൂടുന്ന വിവാഹം നടക്കുന്നുവെന്ന വിവരം യഥാസമയം റിപ്പോർട്ട് ചെയ്യാത്തതിന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്കും റൂറൽ എസ്.പി മെമ്മോ നൽകിയിട്ടുണ്ട്.