photo
കുണ്ടറ ആശുപത്രിമുക്കിൽ പൊലീസ് വാഹന പരിശോധന നടത്തുന്നു

കുണ്ടറ: ലോക്ക്‌ ഡൗൺ വകവയ്‌ക്കാത്തവർക്കെതിരെ കേസെടുക്കുകയും പിഴയീടാക്കുകയും ചെയ്തിട്ടും ഇന്നലെയും കുണ്ടറയിലെ വിവിധയിടങ്ങളിലായി ജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ നിരത്തിലിറങ്ങി. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് വാഹനങ്ങൾ പൊതുവേ കുറവായിരുന്നു. കൊല്ലം - തിരുമംഗലം ദേശീയപാതയിൽ സാരഥി ജംഗ്ഷനിലെത്തിയെ കൊല്ലത്തേക്കുള്ള വാഹനങ്ങൾ കിളികൊല്ലൂർ പൊലീസ് തടഞ്ഞു. കഴിഞ്ഞദിവസം കരിക്കോട് പാലത്തിലാണ് വാഹനങ്ങൾ തടഞ്ഞത്.

നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ ഇന്നലെ കിളികൊല്ലൂർ സ്റ്റേഷനിൽ 13 കേസുകളും കുണ്ടറയിൽ 5 കേസുകളും ഈസ്റ്റ് കല്ലടയിൽ 6 കേസുകളും രജിസ്റ്റർ ചെയ്തു. നിരവധി പേരിൽ നിന്ന് പിഴയും ഈടാക്കി. അത്യാവശ്യക്കാരെന്ന് ബോധ്യപ്പെട്ടവരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങി വിട്ടയച്ചു.

തെറ്റായ സത്യവാങ്മൂലവുമായി യാത്രചെയ്ത അഞ്ച് യാത്രക്കാർക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. 30 ഓളം യാത്രക്കാരെ പിഴയീടാക്കി തിരിച്ചയച്ചു. തുറന്നുവച്ച കച്ചവടസ്ഥാപനങ്ങൾ വൈകിട്ട് അഞ്ചോടെ അടപ്പിച്ചു. വഴിയോരകച്ചവടവും പൂർണമായും നിറുത്തിവയ്പ്പിച്ചു.

 ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ആഹാരമെത്തിക്കും

പെരിനാട് ഗ്രാമപഞ്ചായത്ത് വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ആഹാരമെത്തിക്കുന്നതിന് വിളിക്കേണ്ട ഫോൺ നമ്പരുകളുടെ ലിസ്റ്റ് തയ്യാറാക്കിയതായി അധികൃതർ അറിയിച്ചു. കൊറ്റങ്കര ഗ്രാമപഞ്ചായത്തിൽ കാസർഗോഡ് നിന്ന് എത്തിയവരെ നിരീക്ഷണത്തിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചു.