v
അഗ്നിശമന സേനയുടെ ആന്റി കൊറോണ സ്ക്വാഡും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് കേരളകൗമുദി ഓഫീസ് പരിസരം അണുവിമുക്തമാക്കുന്നു

കൊല്ലം: ദിവസം മുഴുവൻ നീണ്ട കഠിനാദ്ധ്വാനത്തിലൂടെ ജില്ലാ ആശുപത്രി ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങൾ അഗ്നിശമന സേന അണുവിമുക്തമാക്കി. രാവിലെ ആശ്രാമത്തെ ജില്ലാ ആയുർവേദ ആശുപത്രിയിലാണ് അണുനശീകരണ ലായനിയുമായി സേന ആദ്യമെത്തിയത്. ആശുപത്രി പരിസരം, വാർഡുകൾ, ഫർമസി തുടങ്ങി എല്ലായിടത്തും മണിക്കൂറുകൾ എടുത്താണ് ഉദ്യോഗസ്ഥർ അണുലായനി തളിച്ചത്. ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക്. കൊറോണ ഐസൊലേഷൻ വാർഡ്, ആശുപത്രി പരിസരം തുടങ്ങി എല്ലാ ഭാഗങ്ങളിലും അണുനശീകരണം നടത്തി. തുടർന്ന് പാലത്തറ പ്രാഥമികാരോഗ്യ കേന്ദ്രം, കൊല്ലം എ.ആർ ക്യാമ്പ് എന്നിവിടങ്ങളിലും അണുനശീകരണം നടത്തി. പിന്നീട് നഗരത്തിലെ വിവിധ മാദ്ധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ, പത്രം അച്ചടിക്കുന്ന പ്രിന്റിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സേനയെത്തി. നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ അണുനശീകരണം നടത്തിയിരുന്നു. ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാറിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അസി. സ്റ്റേഷൻ ഓഫീസർ ഡൊമിനിക്, സീനിയർ ഫയർ ഓഫീസർ മനുരാജ്, ഫയർ ഓഫീസർമാരായ ആർ.ഹരീഷ്, എസ്.ധനേഷ്, വി.ലിജികുമാർ, ജോസ്, സിവിൽ ഡിഫൻസ് അംഗങ്ങളായ റോണാ റിബേറോ, കെ.സി.അജിത്ത്കുമാർ, വിജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.

കേരളകൗമുദി ഓഫീസ് അണുവിമുക്തമാക്കി

കൊല്ലം പള്ളിത്തോട്ടത്തെ കേരളകൗമുദി യൂണിറ്റ് ഓഫീസ് അഗ്നിശമന സേന അണുവിമുക്തമാക്കി. ഇന്നലെ വൈകിട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. ഓഫീസ് പരിസരം, പത്രം അച്ചടിക്കുന്ന പ്രസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രത്യേക ലായനി തളിച്ച് അണുക്കളെ ഇല്ലാതാക്കി.

ലായനി പ്രത്യേകം തയ്യാറാക്കിയത്

വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡർ, സോഡിയം ഹൈപ്പോ ക്ലോറേറ്റ് എന്നിവ കലർത്തിയാണ് അണുവിമുക്ത ലായനി തയ്യാറാക്കിയത്. ആയുർവേദ ആശുപത്രിയിൽ 4,​500 ലിറ്റർ, ജില്ലാ ആശുപത്രിയിൽ 3,​000 ലിറ്റർ, എ. ആർ ക്യാമ്പ് പാലത്തറ എന്നിവിടങ്ങളിലായി 3,​000 ലിറ്റർ, മാദ്ധ്യമ സ്ഥാപനങ്ങളിലേക്ക് 2,000 ലിറ്റർ എന്ന കണക്കിലാണ് പ്രത്യേക ലായനി വേണ്ടിവന്നത്. കടപ്പാക്കട ഓഫീസ് വളപ്പിലെ കുഴൽ കിണറിൽ നിന്ന് വെള്ളമെടുത്തപ്പോൾ സോഡിയം ഹൈപ്പോ ക്ലോറേറ്റും ബ്ലീച്ചിംഗ് പൗഡറും ആരോഗ്യ വകുപ്പ് നൽകി.

''

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായാണ് അഗ്നിശമന സേന ഇത്തരമൊരു പ്രവർത്തനം ഏറ്റെടുത്തത്. കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.

കെ.ഹരികുമാർ ജില്ലാ ഫയർ ഓഫീസർ