മുന്നൂറോളം വാഹനങ്ങൾ പിടിച്ചെടുത്തു
തിരികെ കിട്ടാൻ 21 ദിവസം കഴിയും
കൊല്ലം: ലോക്ക് ഡൗൺ നിർദേശങ്ങൾ അവഗണിച്ച് കാഴ്ചകൾ കാണാൻ നിരത്തിൽ ഇറങ്ങിയവർക്കെതിരെ കൊല്ലം ജില്ലയിൽ 316 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 210 കേസുകൾ സിറ്റി പൊലീസ് പരിധിയിലാണ്. നിയന്ത്രണങ്ങളെ ആഘോഷമായി കണ്ട് പുറത്തിറങ്ങിയ 180 പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. 195 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതിൽ മിക്ക വാഹനങ്ങളും 21 ദിവസങ്ങൾക്ക് ശേഷം മാത്രമേ തിരികെ കൊടുക്കൂ. അഴീക്കൽ ഹാർബറിൽ നിയന്ത്രങ്ങൾ അവഗണിച്ച് ഒത്തുചേർന്ന 16 പേർക്കെതിരെ കേസെടുത്ത് നാലുപേരെ അറസ്റ്റ് ചെയ്തു. റൂറൽ പൊലീസ് ജില്ലയിൽ 106 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പുനലൂർ ആർ.പി.എൽ ഫാക്ടറിയില്‍ 30 തൊഴിലാളികളെ നിർബന്ധിച്ച് ജോലി ചെയ്യിച്ച അസി. മാനേജർ വിമൽ രാജിനെ കുളത്തൂപ്പുഴ പൊലീസ് അറസറ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു.
ഏരൂർ പൊലീസ് അതിർത്തിയിൽ വിദേശത്ത് നിന്നുവന്ന ശേഷം നിരീക്ഷണത്തിൽ ഇരിക്കാതെ പുറത്തിറങ്ങി നടന്ന ഇളവറാംകുഴി ചരിവുകാലായിൽ വീട്ടിൽ സുൾഫിക്കർ, ഷീജാമൻസിലിൽ ഷിഹാബ് എന്നിവർക്കെതിരെ കേസെടുത്തു. വെട്ടിക്കവലയിൽ 40 ലേറെ പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് വധുവിന്റെ പിതാവ് രാജേന്ദ്രൻ ആചാരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. നെടുവത്തൂർ പഞ്ചായത്തിൽ അനുവാദമില്ലാതെ ബഡ്ജറ്റ് നമ്മേളനം നടത്തിയതിന് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഉൾപ്പെടെ നാലു പേരെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. നിയമലംഘനം ശ്രദ്ധയിൽപ്പെടുന്നവർക്ക് കൊല്ലം റൂറൽ ജില്ലാ ആസ്ഥാനത്തെ 0474 2450868, 112 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കാം.