v
ഹാർബറുകളിൽ യാനങ്ങൾക്ക് നിയന്ത്രണം

 മീൻ വാങ്ങാൻ പാസ് വേണം

കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നുമുള്ള മത്സ്യബന്ധന യാനങ്ങൾ ജില്ലയിലെ ഹാർബറുകളിൽ അടുപ്പിക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു. ജില്ലയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയിട്ടുള്ള യാനങ്ങൾ എത്തിച്ചേരുന്നതിന് തലേദിവസം രാത്രി എട്ടിനകം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ / മറൈൻ എൻഫോഴ്‌സ്‌മെന്റിനെ എത്തിച്ചേരുന്ന സമയവും മത്സ്യം വാങ്ങാനെത്തുന്ന മൊത്ത കച്ചവടക്കാരുടെ വിവരവും അറിയിച്ച് കച്ചവടത്തിനുള്ള പാസ് കൈപ്പറ്റണം.
ഫിഷറീസ് സ്റ്റേഷനിൽ നിന്ന് അതത് ദിവസം ഒരു യാനത്തിന് അഞ്ച് പ്രവേശന പാസ് എന്ന നിലയിലാകും നൽകുക. ഇങ്ങനെ പ്രവേശന പാസ് ലഭിച്ചിട്ടുള്ള അഞ്ച് മൊത്ത കച്ചവടക്കാരെ മാത്രമേ ഹാർബറിൽ ഒരു യാനത്തിൽ നിന്ന് മത്സ്യം വാങ്ങുന്നതിനായി പ്രവേശിപ്പിക്കുകയുള്ളു. ഹാർബറിൽ മത്സ്യലേലം അനുവദിക്കില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയിൽ മാത്രമേ മൊത്ത കച്ചവടക്കാരെ മത്സ്യം വാങ്ങാൻ അനുവദിക്കൂ.
ഒരേ സമയം പരമാവധി അഞ്ച് യാനങ്ങളിൽ നിന്ന് മാത്രമേ മത്സ്യം ഇറക്കാൻ അനുവദിക്കൂ. മത്സ്യബന്ധനത്തിന് പോയിവരുന്ന തൊഴിലാളികളുടെ വിവരങ്ങൾ അതത് യാന ഉടമ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. തുടർന്ന് തൊഴിലാളികളുടെ പരിശോധന വിവരം ഫിഷറീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം.
തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. പകർച്ചവ്യാധി പടർത്താൻ ശ്രമിച്ചതിനും മനുഷ്യ ജീവന് ഹാനികരമായ പ്രവൃത്തിയിൽ ഏർപ്പെട്ടതിനും ക്രിമിനൽ നടപടി പ്രകാരം ശിക്ഷാ നടപടി സ്വീകരിക്കും. ഓരോ ദിവസവത്തെയും ഹാർബറിലെ പ്രവർത്തനങ്ങൾ അതത് ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയുടെ പൂർണ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.