greta-

സ്വീ‌ഡൻ: പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന് കൊറോണ ലക്ഷണങ്ങൾ. തനിക്കും പിതാവിനും രോഗലക്ഷണമുള്ളതിനാൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും ഗ്രേറ്റ പറയുന്നു. അടുത്തിടെ ഗ്രേറ്റയും പിതാവും യൂറോപ്പിൽ ട്രെയിൻ യാത്ര നടത്തിയിരുന്നു. അതിനു പിന്നാലെയാണ് രോഗലക്ഷണങ്ങൾ കണ്ടത്. കടുത്ത രോഗലക്ഷണങ്ങളുള്ളവരെ മാത്രമാണ് സ്വീഡനിൽ പരിശോധനയ്ക്ക് വിധേയരാക്കുന്നതെന്നും അതിനാൽ താനോ പിതാവോ കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്നും ഗ്രേറ്റ പറഞ്ഞു.

''ഒരു വൈറസ് ലോകത്തെയാകെ നിശ്ചലമാക്കിയെങ്കിൽ നമ്മുടെ സമൂഹം എത്രമാത്രം അസ്ഥിരമാണെന്നതിന്റെ സൂചനയാണ്. ഇതോടെ ലോകം തകരുകയാണെങ്കിൽ നമുക്ക് പോരാടാനുള്ള കരുത്തില്ലെന്ന് കരുതേണ്ടിവരും. അടിയന്തര ഘട്ടങ്ങളിൽ നമ്മുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകാറുണ്ട്. ഐക്യത്തോടെയും സാമാന്യബോധത്തോടെയുമുള്ള പ്രവർത്തനങ്ങളിലൂടെ നമ്മൾ ഈ പ്രതിസന്ധി മറികടക്കും.''- ഗ്രേറ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


17 വയസുകാരിയായ ഗ്രേറ്റ കാലാവസ്ഥാ മാറ്റം ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്‍നങ്ങളിൽ ഇടപെട്ടാണ് ലോകശ്രദ്ധ നേടിയത്. 16-ാം വയസിൽ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ ഗ്രേറ്റ നടത്തിയ പ്രഭാഷണം ലോകത്തിന്റെയാകെ ശ്രദ്ധ നേടിയിരുന്നു. 2018 ആഗസ്റ്റ് മുതലാണ് ഗ്രേറ്റ എല്ലാ വെള്ളിയാഴ്‍ചയും സ്‍കൂളിൽ പോകാതെ സ്വീഡിഷ് പാർലമെന്റിന് മുന്നിൽ കാലാവസ്ഥാ മാറ്റത്തിനും ആഗോളതാപനത്തിനുമെതിരെ സമരം തുടങ്ങിയത്. പിന്നീട് സ്വീഡനിലെ കൗമാരക്കാർ മുഴുവനും സമരത്തിനെത്തി. ഗ്രേറ്റ പിന്നീട് സ്‍കൂളിൽ പോകുന്നത് നിർത്തി പൂർണമായും കാലാവസ്ഥാ പോരാട്ടത്തിനായി ഇറങ്ങുകയായിരുന്നു.