lal-bahadur-stadium
ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ തെരുവിൽ അലയുന്നവർക്കായി നഗരസഭ ആരംഭിച്ച ഷെൽട്ടറിലെ അന്തേവാസികൾ

കൊല്ലം: വർഷങ്ങളായി കൊല്ലം നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന 80 പിന്നിട്ട കൃഷ്ണൻചേട്ടൻ പാടുകയാണ്. '' ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും. കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും..'' പട്ടിണിപ്പാവങ്ങളായ കൂടെയുള്ള എഴുപത് പേരും കോറസ് പാടുന്നു. അപ്പോഴേക്കും സമയം ഒന്നരയായി. പുറത്ത് വാഹനത്തിന്റെ ഇരമ്പൽ കേട്ടു. ദേ ഭക്ഷണം വന്നു. എല്ലാവരും ചാടിയേഴുന്നേറ്റ് നിരനിരയായി ക്യൂ നിന്നു.

കൃഷ്ണൻ ചേട്ടനും കൂട്ടരും ഇപ്പോൾ പെരുത്ത സന്തോഷത്തിലാണ്. കൊറോണ ലോക്ക് ഡൗണിന്റെ ഭാഗമായി അലഞ്ഞ് നടക്കുന്നവർക്ക് കോർപ്പറേഷൻ ലാൽ ബഹദൂർ സ്റ്റേഡിയം കോംപ്ലക്സിൽ ഒരുക്കിയ ഷെൽട്ടറിലാണിപ്പോൾ ഇവർ. കൃഷ്ണൻചേട്ടൻ പറയുകയാണ്. 'കാലങ്ങൾക്ക് ശേഷം ഇന്നലെ രാത്രി സ്വസ്ഥമായി ഉറങ്ങി. വയറുനിറയെ ഭക്ഷണം കഴിച്ചു. സോപ്പ് തേച്ച് കുളിച്ചു.'' കഴിഞ്ഞ ദിവസം വരെ പലരും രാത്രി ഉറങ്ങാറില്ലായിരുന്നു. തെരുവ് നായകളെയും ഇഴജന്തുക്കളെയും ഭയന്നാണ് കടത്തിണ്ണകളിലും വഴിയോരങ്ങളിലും രാത്രി കഴിച്ചുകൂട്ടുന്നത്. പകൽ ഭിക്ഷയെടുത്ത് കിട്ടുന്ന പണം തട്ടിയെടുക്കാൻ കൂട്ടത്തിൽ തന്നെയുള്ളവർ രാത്രി ഒളിച്ചും പാത്തുമെത്തും. ഇടയ്ക്ക് തമ്മിൽ അടിയാകും. ഇപ്പോൾ എല്ലാവരും ഒരുമിച്ചാണ് താമസം. ഭക്ഷണം കഴിക്കാനായി ഭിക്ഷ യാചിക്കേണ്ട. രാവിലെയും ഉച്ചയ്ക്കും രാത്രിയും നഗരസഭ ഭക്ഷണം എത്തിക്കും. സുഖവിവരങ്ങൾ അന്വേഷിക്കാൻ നഗരസഭാ ഉദ്യോഗസ്ഥരെത്തും.

ലാൽ ബഹദൂർ സ്റ്റേഡിയം പവലിയനിലെ വിശാലമായ മൂന്ന് ഹാളുകളിലായാണ് നഗരസഭ തെരുവിൽ അലയുന്നവർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഭക്ഷണത്തിന് പുറമേ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. എല്ലാവർക്കും മാസ്കുകളും ഇടയ്ക്കിടെ കൈ കഴുകാൻ ഹാൻഡ് വാഷും നഗരസഭ നൽകിയിട്ടുണ്ട്.

''

അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്ക് പുറമേ ലോക്ക് ഡൗണിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട് തെരുവിലായവരെയും ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ആരംഭിച്ച ഷെൽട്ടറിൽ എത്തിച്ച് വരികയാണ്. താനും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പൂർണസമയം ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ്.

പി.ജെ രാജേന്ദ്രൻ

നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ