അമിതവിലയുടെ വിവരങ്ങൾ കേരളകൗമുദിയെ അറിയിക്കാം
കൊല്ലം: പുര കത്തുമ്പോൾ വാഴ വെട്ടും പോലെ കൊറോണ കാലത്തെ ലോക്ക്ഡൗൺ മറയാക്കി വിപണിയിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ സർവതിനും തീ വില. 21 ദിവസം നീളുന്ന ലോക്ക് ഡൗൺ കാലത്ത് അവശ്യസാധനങ്ങൾ ലഭിച്ചേക്കില്ലെന്ന ആശങ്കയിൽ കടകളിൽ എത്തുന്നവർക്ക് നേരെയാണ് പകൽകൊള്ള.
നാലുദിവസം മുൻപ് വരെ ഈടാക്കിയതിന്റെ രണ്ടിരട്ടി വിലയാണ് നിത്യോപയോഗ സാധനങ്ങൾക്ക് ഇന്നലെ പല കടകളിലും ഈടാക്കിയത്. അതിർത്തി കടന്ന് ചരക്ക് ലോറികളൊന്നും സംസ്ഥാനത്ത് എത്താത്ത സാഹചര്യത്തിൽ വിപണിയിലേത് കൃത്രിമ വിലക്കയറ്റമാണെന്ന കാര്യത്തിൽ തർക്കമില്ല. സംസ്ഥാനം ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന് മുൻകൂട്ടി മനസിലാക്കി അവശ്യ സാധനങ്ങൾ പൂഴ്ത്തിവയ്ക്കാൻ തുടങ്ങിയിരുന്നു.
ലോക്ക് ഡൗണിലേക്ക് കടന്നപ്പോൾ തന്നെ കൃത്രിമ ക്ഷാമം ജില്ലയുടെ പല ഭാഗങ്ങളിലെയും വിപണികളിൽ സൃഷ്ടിക്കാനായത് ഇതുമൂലമാണ്. പൂഴ്ത്തിവയ്പ്പും അമിതവിലയും ശ്രദ്ധയിൽ പെട്ടാൽ കൂടുതൽ ഉപദേശങ്ങൾക്ക് നിൽക്കാതെ പിടിച്ചെടുക്കാനാണ് ജില്ലാ കളക്ടർ ബി.അബ്ദുൾനാസർ നൽകിയ നിർദേശം. കൊല്ലം ചാമക്കട മാർക്കറ്റിൽ നേരിട്ടെത്തി വ്യാപാരികളെ അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിക്കുകയും ചെയ്തു. സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, റവന്യൂ, ഭക്ഷ്യ സുരക്ഷ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ കർശന പരിശോധന ജില്ലയിലാകെ നടക്കുകയാണ്.
അമിത വില ഈടാക്കിയാൽ ജനങ്ങൾ എന്ത് ചെയ്യണം?
1.വാങ്ങുന്ന സാധനങ്ങളുടെ ബില്ല് കർശനമായും ചോദിച്ചു വാങ്ങുക.
2. കമ്പ്യൂട്ടർ ബിൽ ഇല്ലാത്ത കടകളിൽ എഴുതി തയ്യാറാക്കിയ ബിൽ വാങ്ങണം
3.അമിത വിലയാണ് ഈടാക്കിയതെന്ന് ബോദ്ധ്യപ്പെട്ടാൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ നമ്പറുകളിൽ വിളിച്ചു അറിയിക്കണം
4.അമിതമായി സാധനങ്ങൾ വാങ്ങി കൂട്ടേണ്ടതില്ല. സംസ്ഥാനത്തു ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയതാണ്
5. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങളെ ഇപ്പോഴും പ്രതിസന്ധിക്ക് ശേഷവും ബഹിഷ്കരിക്കുക.
6.സിവിൽ സപ്ലൈസ് വകുപ്പിനെ അറിയിച്ചിട്ടും പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ഉപഭോക്താക്കൾക്ക് വിശദാംശങ്ങൾ സഹിതം കേരളകൗമുദിയെ സമീപിക്കാം
7.കേരളകൗമുദി ഹെല്പ് ലൈൻ നമ്പറിൽ അറിയിച്ചാൽ വാർത്തയിലൂടെ വിഷയം സർക്കാരിന്റെ മുന്നിലെത്തിക്കും
വിളിക്കാം
ജില്ലാ സപ്ലൈ ഓഫീസർ കൊല്ലം: 9188527316
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ: 9188527339
കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസർ: 9188527341
പുനലൂർ താലൂക്ക് സപ്ലൈ ഓഫീസർ: 9188527340
കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ: 9188527342
പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസർ: 9188527343
കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ: 9188527344
കേരളകൗമുദി ഹെൽപ്പ് ലൈൻ നമ്പർ: 8281848348
പച്ചക്കറി കിറ്റ് കിട്ടാനില്ല
ലോക്ക് ഡൗൺ തുടങ്ങി രണ്ടാം ദിനത്തിൽ പച്ചക്കറി കടകളിൽ 100 രൂപ കിറ്റ് ഇല്ലാതായി. വില കൂടിയതിനാൽ കിറ്റ് കൊടുക്കാൻ ആകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. സാധനങ്ങൾ ഓരോന്നായി തൂക്കി വാങ്ങാൻ കഴിയാത്ത തീ വിലയാണ്. സവാള, ചെറിയുള്ളി, ഉരുളക്കിഴങ്ങ്, പച്ചമുളക്, ബീൻസ് തുടങ്ങി എല്ലാ ഇനത്തിനും ഒരു ദിവസത്തിനുള്ളിൽ ഇരട്ടിയിലേറെ വിലയായി. കൃത്രിമമായ വിലക്കയറ്റം സൃഷ്ടിക്കുന്നുവെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ നിലപാട്.
വില കൂട്ടിയാൽ, പൂഴ്ത്തിവച്ചാൽ പിടിച്ചെടുക്കും
അമിതവില, പൂഴ്ത്തിവപ്പ് എന്നിവ കണ്ടെത്തിയാൽ സാധങ്ങൾ പൂർണമായും പിടിച്ചെടുക്കാനാണ് നീക്കം. പിടിച്ചെടുക്കുന്ന സാധനങ്ങൾ പൊതുവിതരണ സംവിധാനം വഴി ന്യായവിലയ്ക്ക് വിൽക്കും. ഇതിനൊപ്പം അമിതവില ഈടാക്കിയ വ്യാപാരികളെ നിയമനടപടികൾക്ക് വിധേയരാക്കുകയോ പിഴ ഈടാക്കുകയോ ചെയ്യും. പരിശോധനാ സംഘം എത്തുമ്പോൾ കടയിലേക്ക് സാധനം വാങ്ങിയതിന്റെ യഥാർത്ഥ ബില്ലും കടയുടമ ഹാജരാക്കണം. കടുത്ത നിയമലംഘനം കണ്ടെത്തിയാൽ അറസ്റ്റിനും മടിക്കില്ല.
വ്യാജ വെളിച്ചെണ്ണ വിപണിയിൽ
ലോക്ക് ഡൗൺ മറയാക്കി വൻതോതിൽ വ്യാജ വെളിച്ചെണ്ണ വിപണിയിൽ എത്തുന്നുണ്ട്. പ്രമുഖ ബ്രാൻഡുകളുടെ വരവ് കുറഞ്ഞതും ആവശ്യക്കാർ എറിയതുമാണ് ഇതിന് കാരണം. ഒരു ലിറ്ററിൽ പത്തുശതമാനം വെളിച്ചെണ്ണ പോലും വ്യാജ എണ്ണകളിൽ ഉണ്ടാകാറില്ല. കുറഞ്ഞ വിലയ്ക്ക് വ്യാപാരികൾക്ക് കിട്ടുന്ന ഈ വ്യാജൻ 250 രൂപയ്ക്കാണ് ഇന്നലെ ജില്ലയിൽ പലയിടത്തും വിറ്റുപോയത്.
അമിത വില ഇങ്ങനെ
സാധനം, രണ്ടു ദിവസം മുൻപത്തെ വില, ഇപ്പോഴത്തെ വില എന്ന ക്രമത്തിൽ
1.ജയ അരി - 36 - 47
2.പച്ചരി - 32 - 45
3. ഉഴുന്ന് - 120 - 160
4. വെളിച്ചെണ്ണ - 200 - 250
5.ചെറിയുള്ളി - 70 - 125
6. സവാള - 35 - 75
7. പഞ്ചസാര - 37 - 48
8. ചെറുപയർ - 98 - 130
9. വൻപയർ - 70 - 115
10. കടല - 80 - 120
11. വെള്ളക്കടല - 90 - 128
12. വെളുത്തുള്ളി -100 - 130
13. പാംഓയിൽ - 85 - 125
14. തേങ്ങാ - 45 - 90
(എല്ലാ വ്യാപാരികളും ഈ കൊള്ള വില ഈടാക്കുന്നില്ല )
പച്ചക്കറി വില ഇങ്ങനെ
1. ബീൻസ് - 30 - 95
2. കാരറ്റ് - 40 - 70
3. പച്ചമുളക് - 30 - 60
4. തക്കാളി - 30 - 65
5. വെണ്ടയ്ക്ക - 35 - 70
6. അമര പയർ - 40 - 80
7. കോവയ്ക്ക - 40 - 100
''
ശക്തമായ നടപടികളിലേക്ക് കടക്കുകയാണ്. ജനങ്ങൾക്ക് പരാതികൾ നേരിട്ട് വിളിച്ച് അറിയിക്കാം.
സി.എസ്.ഉണ്ണിക്കൃഷ്ണ കുമാർ
ജില്ലാ സപ്ലൈ ഓഫീസർ
''
പൂഴ്ത്തിവയ്പ്പും അമിതവിലയും ശ്രദ്ധയിൽ പെട്ടാൽ പിടിച്ചെടുക്കും. സംയുക്ത പരിശോധന കർശനമാക്കി.
ബി.അബ്ദുൽ നാസർ, ജില്ലാ കളക്ടർ