c
ജില്ലയിൽ 75 സാമൂഹ്യ അടുക്കളകൾ: ഇന്ന് മുതൽ അന്നം മുട്ടില്ല

 ഉച്ചയൂണിന് 20 രൂപ

 പണം ഇല്ലാത്തവർക്ക് സൗജന്യം

കൊല്ലം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണമില്ലാതെ വലയുന്നവർക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ ഇന്ന് മുതൽ 75 സാമൂഹ്യ അടുക്കളകൾ പ്രവർത്തനം തുടങ്ങും. തെരുവിൽ അലയുന്നവർ, കിടപ്പ് രോഗികൾ, ഒറ്റപ്പെട്ട് കഴിയുന്നവർ, ഭക്ഷണം പാകം ചെയ്ത് നൽകാൻ ആളില്ലാത്തവർ തുടങ്ങിയവർക്കാണ് സാമൂഹ്യ അടുക്കളകളിൽ നിന്ന് ഭക്ഷണം കിട്ടുക.

എല്ലാ പഞ്ചായത്തുകളിലും ഒന്നു വീതവും നഗരസഭകളിൽ കുറഞ്ഞത് രണ്ട് സാമൂഹ്യ അടുക്കളകളുമാണ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്രുകളുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. ആവശ്യക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും കൂടുതൽ ആരംഭിക്കും. അതാത് തദ്ദേശ സ്ഥാപനങ്ങളാണ് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സ്ഥലം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. സാമൂഹ്യ അടുക്കളകൾ ആരംഭിക്കുന്ന കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾക്ക് സംസ്ഥാന മിഷൻ 50,000 രൂപ റിവോൾവിംഗ് ഫണ്ടായി നൽകും. ഓരോ യൂണിറ്റിനും റേഷൻകടകളിൽ നിന്ന് 10.90 രൂപയ്ക്ക് അരി നൽകും. പലവ്യഞ്ജനങ്ങൾ സപ്ലൈകോയിൽ നിന്ന് വാങ്ങും. ഓരോ ഊണിനും പത്ത് രൂപ വീതം സബ്സിഡിയായി കുടുംബശ്രീ ജില്ലാ മിഷൻ നൽകും.

സാമൂഹ്യ അടുക്കളകളിൽ ഭക്ഷണത്തിന്റെ പാചകമേ ഉണ്ടാകുള്ളു. ആവശ്യക്കാർക്ക് പാത്രങ്ങളുമായെത്തി ഭക്ഷണം വാങ്ങാം. പൊതികളിലും ഭക്ഷണം വിതരണം ചെയ്യും. കിടപ്പ് രോഗികളടക്കം ഭക്ഷണം വാങ്ങാൻ എത്താൻ കഴിയാത്തവർക്ക് വീടുകളിലെത്തിച്ച് നൽകും. ഇതിന് 5 രൂപ സർവീസ് ചാർജ് അധികമായി നൽകണം. സാമൂഹ്യ അടുക്കളുകളുമായി ബന്ധപ്പെടാനുള്ള നമ്പർ തദ്ദേശ സ്ഥാപനങ്ങൾ പ്രചരിപ്പിക്കും.

''

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിന്റെ ഭാഗമായാണ് കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സാമൂഹ്യ അടുക്കളകൾ ആരംഭിക്കുന്നത്. ആദ്യഘട്ടമായാണ് 75 എണ്ണം ജില്ലയിൽ ആരംഭിക്കുന്നത്. പിന്നീട് കൂടുതലെണ്ണം തുടങ്ങും.

എ.ജി.സന്തോഷ്, കോ- ഓ‌ർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ

''

ജില്ലയിലെ 56 പഞ്ചായത്തുകളിൽ നിലവിൽ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള കാറ്ററിംഗ് യൂണിറ്റുകൾ സാമൂഹ്യ അടുക്കളകളായി മാറ്റാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ബാക്കിയുള്ള പഞ്ചായത്തുകളിൽ എതെങ്കിലും സ്കൂളിലെ പാചകപ്പുര ഏറ്റെടുത്ത് സാമൂഹ്യ അടുക്കള ആരംഭിക്കും. ജനങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ ഇന്ന് പ്രസിദ്ധീകരിക്കും.

ബിനുൻ വാഹിദ്

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ