കൊല്ലം: കൊറോണയ്ക്കെതിരെ പ്രതിരോധം തീർക്കാൻ ജില്ലയിലെ സർക്കാർ ഓഫീസുകൾ സജീവമാണ്. പഞ്ചായത്ത് ഓഫീസുകൾ മുതൽ കളക്ടറേറ്റ് വരെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു. പകുതി ജീവനക്കാർ ഓഫീസിലെത്തുമ്പോൾ മറ്റുള്ളവർ വീടുകളിലിരുന്ന് ഓഫീസ് ജോലികൾ ഏകോപിപ്പിക്കുന്നു. കൃത്യമായ നിരീക്ഷണമുള്ളതിനാൽ ഒരാൾ പോലും വീഴ്ച വരുത്തുന്നില്ല. പൊതു ഗതാഗത സംവിധാനങ്ങൾ ഇല്ലെങ്കിലും വനിതകൾ ഉൾപ്പെടെയുള്ളവർ കൃത്യമായി ഓഫീസിലെത്തുന്നുണ്ട്. ജീവനക്കാർക്ക് പൊലീസ് പരിശോധനകളിൽ ഓഫീസ് തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതി. മജിസ്‌ട്രേറ്റ് കോടതികൾ ഒഴികെയുള്ള എല്ലാ കോടതികളും ഏപ്രിൽ എട്ടുവരെ അവധിയാണ്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ എല്ലാ കോടതികളിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പരിഗണിക്കും. സിവിൽ സപ്ലൈസ് വകുപ്പ്, ലീഗൽ മെട്രോളജി, റവന്യൂ, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവർ നിരന്തര ജോലിയിലാണ്. വില്ലേജ് ഓഫീസിൽ നിന്നുള്ള രേഖകൾക്ക് ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സർക്കാർ നിർദേശിച്ചിരുന്നു. പ്രധാനപ്പെട്ട പല ഓഫീസുകളിലും ജനങ്ങൾ കയറാതിരിക്കാൻ പുറത്തെ വാതിലുകൾ അടച്ചിട്ടാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. ലോക്ക് ഡൗൺ കാലമാണെങ്കിലും ഗ്രാമീണ മേഖലകളിലെ ഹോമിയോ, ആയുർവേദ ആശുപത്രികളിൽ സാമാന്യം ഭേദപ്പെട്ട തിരക്ക് അനുഭവപ്പെടുന്നുണ്ട്.