നീണ്ടകര: നീണ്ടകരയിൽ നിന്ന് കുളച്ചൽ, തൂത്തുക്കുടി പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോയി തിരികെയെത്തിയ ബോട്ടിലെ 11 തൊഴിലാളികളെ ആരോഗ്യ വകുപ്പ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
16, 17 തീയതികളിൽ നീണ്ടകര ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളിലെ തൊഴിലാളികളായ പതിനൊന്ന് പേരെയാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് അധികൃതർ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ ഒരുക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ഇരുബോട്ടുകളിലായി 25 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ പതിന്നാലുപേർ കുളച്ചലിൽ ഇറങ്ങി. ബാക്കി മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ളവരെയാണ് ആരോഗ്യ വകുപ്പും കോസ്റ്റൽ പൊലീസും ചേർന്ന് 28 ദിവസം നിരീക്ഷണത്തിലാക്കിയത്.
ആരോഗ്യവകുപ്പ് അധികൃതരായ ശിവപ്രസാദ്, സന്തോഷ്, ശ്രീല, മെർലിൻ, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരായ ഹരികുമാർ, ശ്രീകുമാർ, ജോസ്, ഹാർബർ എക്സി. എൻജിനീയർ അഭിലാഷ്, എ.ഇ.രാകേഷ് എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.