കുണ്ടറ: ലോക്ക് ഡൗണിനെ തുടർന്ന് അവശ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഉറപ്പിന് വിലകല്പിക്കാതെ ജില്ലയിൽ വിവിധയിടങ്ങളിൽ സാധനങ്ങൾക്ക് വ്യത്യസ്ത വിലകൾ. പച്ചക്കറികൾക്കും സ്റ്റേഷനറി സാധനങ്ങൾക്കും ഇരട്ടിയിലേറെ തുക ഈടാക്കുന്നതായും ഓരോ കടകളിലും ഓരോ വിലയാണ് ഈടാക്കുന്നതെന്നും വ്യാപക പരാതിയുണ്ട്.
ചില്ലറ വില്പനക്കാരും വഴിയോര കച്ചവടക്കാരുമാണ് വിലയിൽ യാതൊരു നിയന്ത്രണവും പാലിക്കാത്തത്. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറികൾ എത്താത്തതാണ് വില വർദ്ധനവിന് കാരണമെന്നാണ് പച്ചക്കറി വ്യാപാരികളുടെ വാദം. എന്നാൽ പഴങ്ങൾക്ക് എന്തുകൊണ്ട് വില വർദ്ധനയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ തിരിച്ച് ചോദിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ വിഷയത്തിൽ സജീവമായി ഇടപെടേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്ക് കടുത്ത പിഴയീടാക്കുകയും അടച്ചുപൂട്ടുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുണ്ടറയിൽ തക്കാളി കിട്ടും 42നും 80നും
ദിവസങ്ങൾക്ക് മുമ്പ് 20 രൂപ മാത്രമുണ്ടായിരുന്ന തക്കാളിക്ക് കുണ്ടറയിലെ ചില വ്യാപാരികൾ ഈടാക്കുന്നത് ഒരു കിലോയ്ക്ക് 80 രൂപ വരെയാണ്. അതേസമയം 42 രൂപ ഈടാക്കുന്ന വ്യാപാരികളുമുണ്ട്. കിലോയ്ക്ക് 60 രൂപയായിരുന്ന ചുവന്നുള്ളിക്ക് 130 വരെയാണ് ഈടാക്കുന്നത്.
കുണ്ടറ പള്ളിമുക്ക് മുതൽ ഇളമ്പള്ളുർ വരെയുള്ള പച്ചക്കറികളുടെ വില നിലവാരം പരിശോധിച്ചാൽ കടകൾ തമ്മിൽ 30 രൂപ വരെ വ്യത്യാസമുള്ളതായി കാണാം. 40 രൂപയുണ്ടായിരുന്ന കോഴിക്ക് ഇന്നലെ കിലോയ്ക്ക് 125 വരെയാണ് ചില്ലറ വിൽപനക്കാർ ഈടാക്കിയത്. വ്യാപാരികൾ അമിതവില ഈടാക്കുന്നതായി നാട്ടുകാർ അധികൃതരെ ഫോണിൽ വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല.
മലയോര മേഖലയിലും കൊള്ള
പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പുനലൂർ നഗരസഭാ പ്രദേശങ്ങൾക്ക് പുറമേ ആര്യങ്കാവ്, തെന്മല, കരവാളൂർ പഞ്ചാത്തുകളിലും സാധനങ്ങൾക്ക് കച്ചവടക്കാർ ഇരട്ടിയിൽ അധികം വിലയാണ് ഈടാക്കുന്നത്. പച്ചക്കറി, പലചരക്ക്, കോഴിയിറച്ചി, മത്സ്യം അടക്കമുള്ള സാധനങ്ങൾക്കാണ് വില കൂട്ടിയത്. കഴിഞ്ഞ ആഴ്ചയിൽ 50 രൂപ ആയിരുന്ന ഒരു കിലോ ചെറിയ ഉള്ളിക്ക് ഇപ്പോൾ 125 രൂപയാണ് ഈടാക്കുന്നത്. സവാള വില 40 രൂപയിൽ നിന്ന് 55 രൂപയായി കൂടി. മട്ട, ജയ തുടങ്ങിയ കമ്പനികളുടെ അരിക്കും ഉഴുന്ന്, പഞ്ചസാര, പരിപ്പ്, പയർ, കടല, മുളക്, മല്ലി തുടങ്ങിയവയ്ക്കും അമിത വിലയാണ് ഈടാക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഒരു കിലോ കോഴിയിറച്ചി 100 രൂപയ്ക്ക് വിറ്റിരുന്നു. ഇന്നലെ അത് 150 രൂപയായി ഉയർന്നു.
അമിത വില ഈടാക്കിയതിനും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും 4 കച്ചവടക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പരിശോധന വ്യാപിപ്പിക്കും.
പുനലൂർ താലൂക്ക് സിവിൽ സപ്ലൈ ഓഫീസർ ജോൺ തോമസ്