caught

 വാഹന പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെടാൻ ശ്രമം

കുണ്ടറ: വിദേശത്ത് നിന്നെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിരുന്ന യുവാവ് വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ പിടിയിലായി. ലോക്ക് ഡൗണിനെ തുടർന്ന് കിളികൊല്ലൂർ പൊലീസിന്റെ നേതൃത്വത്തിൽ സാരഥി ജംഗ്ഷനിൽ നടന്ന പരിശോധനയിലാണ് ഇന്നലെ ഉച്ചയോടെ ഉളിയക്കോവിൽ സ്വദേശിയായ യുവാവ് കുടുങ്ങിയത്. പൊലീസിനെ കണ്ടയുടൻ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പതിനഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് യുവാവ് വിദേശത്ത് നിന്ന് എത്തിയത്. എന്നാൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ കറങ്ങി നടക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഈ വിവരങ്ങൾ മനസിലായ പൊലീസ് ആംബുലൻസെത്തിച്ച് യുവാവിനെ കരുനാഗപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

 നിരീക്ഷണത്തിൽ കഴിയുന്നയാളുടെ പിതാവ് ചീട്ടുകളിക്കിടെ പിടിയിൽ

കുണ്ടറ പെരുമ്പുഴയിൽ ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിൽ ഒരാളുടെ മകൻ അടുത്തിടെ വിദേശത്ത് നിന്ന് നാട്ടിലെത്തിയിരുന്നു. ഇതേതുടർന്ന് യുവാവിനോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ഇയാളുടെ പിതാവ് മറ്രുള്ളവരുമായി ചേർന്ന് ചീട്ടുകളിയിലേർപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.