കൊല്ലം: കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തിൽ കഴിഞ്ഞ ഒന്നര മാസമായി എല്ലാ ദിവസവും ജില്ലാ മെഡിക്കൽ ഓഫീസർക്ക്, അതത് ദിവസത്തെ സ്ഥിതിഗതികൾ വ്യക്തമാക്കുന്ന റിപ്പോർട്ട് ആശ്രമത്തിൽ നിന്ന് ഇമെയിൽ മുഖേനെ അയക്കുന്നുണ്ടെന്ന് അമൃതാനന്ദമയി മഠം അറിയിച്ചു. ആലപ്പാട് പഞ്ചായത്തിൽ നിന്ന് ആരോഗ്യ പ്രവർത്തകർ എല്ലാ ദിവസവും ആശ്രമം സന്ദർശിച്ച് വിവരങ്ങൾ മനസിലാക്കുന്നുണ്ട്. വിദേശത്ത് നിന്നെത്തിയ എല്ലാവരും മഠത്തിൽ നിരീക്ഷണത്തിലാണ്. ഫെബ്രുവരി 25ന് ശേഷം വിദേശത്തുനിന്ന് വന്ന 58 പേർ മഠത്തിൽ നിരീക്ഷണത്തിലാണ്. അവരുടെ ആരോഗ്യ വിവരങ്ങൾ ഓരോ ദിവസവും ജില്ലാ മെഡിക്കൽ ഓഫീസിനെയും ആരോഗ്യ പ്രവർത്തകരെയും അറിയിക്കുന്നുണ്ട്. മൂന്നാഴ്ചയിലധികമായി ആശ്രമത്തിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിച്ചിട്ടില്ല. ഈ മാസം 5ന് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ആശ്രമം പ്രസിദ്ധീകരിച്ചിരുന്നു. ജില്ലാ ഭരണാധികാരികൾ അയക്കുന്ന ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യസംഘം മഠത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.
വ്യാജപ്രചാരണങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കുന്ന നടപടിയിൽ നിന്ന് എല്ലാവരും പിൻമാറണമെന്നും അമൃതാനന്ദമയി മഠം അറിയിച്ചു.