police-checking
ലോക്ക് ഡൗൺ ദിനത്തിൽ കൊല്ലം ശക്തികുളങ്ങരയിൽ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ

 239 വാഹനങ്ങൾ പിടിച്ചെടുത്തു

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ചതിന് ജില്ലയിലാകെ 421 പേരെ പൊലീസ് അറസ്റ്റ്‌ ചെയ്തു. 412 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്നലെ മാത്രം 239 വാഹനങ്ങൾ പിടിച്ചെടുത്തു. നിർദേശങ്ങൾ അവഗണിച്ച് നിരത്തിലിറക്കിയ കാർ, ബൈക്ക്, ആട്ടോറിക്ഷ തുടങ്ങിയവ വാഹങ്ങളാണ് പിടിച്ചെടുത്തത്. വാഹന ഉടമകൾക്കും ഡ്രൈവർക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം 21 ദിവസം വാഹനം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്യും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ രേഖകൾ ഹാജരാക്കിയാൽ വാഹനങ്ങൾ വിട്ടുനൽകും. കൊല്ലം സിറ്റി പൊലീസ് 212 കേസുകളിലായി 218 പേരെ അറസ്റ്റ്‌ ചെയ്യുകയും 190 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇരവിപുരം ഭരണിക്കാവിൽ 60 ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിപ്പിച്ച ചെറിയേല വിജയഭവനിൽ ബിജു, പുന്നത്തല പഞ്ചിത്തഴികത് ശരത്ത്ചന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്തു. റിയാദിൽ നിന്നുവന്ന ശേഷം വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാതെ ബൈക്കിൽ കറങ്ങിനടന്ന ഉളിയക്കോവിൽ സ്വദേശിയെ അറസ്റ്റ്‌ ചെയ്ത് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. കൊല്ലം റൂറൽ ജില്ലയിൽ 200 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 203 പേരെ അറസ്റ്റ്‌ ചെയ്യുകയും 149 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഓരോ ദിവസങ്ങൾ കഴിയും തോറും പരിശോധനകളും നിയന്ത്രണങ്ങളും പൊലീസ് കർനമാക്കുകയാണ്‌.

പിടിച്ചെടുത്ത വാഹനങ്ങൾ പ്രത്യേക ഇടങ്ങളിലാണ് സൂക്ഷിക്കുന്നത്.