കൊല്ലം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള വാളകം ഔട്ട് പോസ്റ്റിലെ പൊലീസ് ഡ്രൈവർ സന്തോഷ് വർഗ്ഗീസിന്റെ കണ്ണിലാണ് കമ്പി കുത്തിക്കയറ്റിയത്. സന്തോഷ് വർഗ്ഗീസിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. വാളകം ഇരണൂർ സ്വദേശിയായ പതിനാറുകാരനാണ് അക്രമം കാട്ടിയത്. അയൽവാസിയായ പെൺകുട്ടികളെ ശല്യം ചെയ്യുന്നതായുള്ള പരാതി അന്വേഷിക്കാനാണ് പൊലീസ് സംഘം എത്തിയത്.
പെൺകുട്ടികൾ കുളിയ്ക്കുമ്പോൾ ഒളിഞ്ഞുനോട്ടം ഉൾപ്പടെയായിരുന്നു പരാതികൾ. പൊലീസ് സംഘമെത്തിയപ്പോൾ പതിനാറുകാരന്റെ വീട് അടഞ്ഞുകിടന്നതാണ്. ജനലിലെ കർട്ടൻ നീക്കി അകത്തേക്ക് നോക്കിയപ്പോഴാണ് അകത്തുനിന്നും കമ്പികൊണ്ട് സന്തോഷ് വർഗ്ഗീസിന്റെ കണ്ണിൽ കുത്തിയത്. ആഴത്തിൽ മുറിവേറ്റ സന്തോഷിനെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പതിനാറുകാരനും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാനസിക അസ്വാസ്ഥ്യം കാട്ടിയതിനെ തുടർന്ന് പതിനാറുകാരനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.