photo

കൊല്ലം: വർഷം 1994, അടൂർ നാടക വേദിയുടെ മഹാഭാരതം നാടകം. പരശുരാമന്റെ യൗവനകാലം അവതരിപ്പിക്കാൻ പറ്റിയ നടനെ തേടുകയായിരുന്നു സംഘാടകർ. നാടകക്കാരനായ പൊലിക്കോട് രാധാകൃഷ്ണൻ പറഞ്ഞു, ഒരാളെത്തരാം- അജീഷ് കൃഷ്ണ! പത്താം ക്ളാസ് പരീക്ഷയെഴുതിത്തീർന്നതിന്റെ പിറ്റേ ദിവസമാണ് അജീഷിനെ നാടകക്കാർ കൊണ്ടുപോയത്.

യു.പി സ്കൂളിൽ മലയാളം, സംസ്കൃതം നാടകങ്ങളിൽ മിന്നിത്തിളങ്ങിയതിന്റെ അനുഭവം കൈമുതലാക്കി അജീഷ് അന്ന് തട്ടേക്കേറി, പരശുരാമനായി തിളങ്ങി. രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും അജീഷ് കൃഷ്ണ കെ.പി.എ.സിയിലൂടെ നാടകത്തിൽ സജീവമാണ്. കൊട്ടാരക്കര കോട്ടാത്തല തടത്തിൽ പുത്തൻവീട്ടിൽ അജീഷ് കൃഷ്ണയ്ക്ക് ജീവനും ജീവിതവും നാടകമാണ്. അതിന് വേണ്ടി നഷ്ടങ്ങൾ ഒരുപാടുണ്ടായിട്ടുമുണ്ട്. ജനകീയാസൂത്രണത്തിന്റെ തുടക്ക കാലയളവിൽ ഗ്രാമസഭകളുടെ പ്രാധാന്യമറിയിച്ചുകൊണ്ട് അജീഷും സംഘവും കേരളത്തിലുടനീളം അവതരിപ്പിച്ച തെരുവ് നാടകം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് കാലയളവിലും മറ്റ് വിശേഷ അവസരങ്ങളിലുമൊക്കെ തെരുവ് നാടകങ്ങളിവൂടെ കേരളക്കര മുഴുവൻ ചുറ്റി.

മാർക്കറ്റിംഗിൽ എം.ബി.എ ബിരുദമെടുത്ത ശേഷം കിറ്റെക്സിൽ സെയിൽസ് മാനേജരായി ജോലി ചെയ്തുവരുമ്പോഴും അഭിനയം മനസിൽ നിറ‌ഞ്ഞുനിന്നു. നല്ല വേതനമുള്ള ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കലാപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ നഷ്ടങ്ങൾ ഒന്നിന് പുറകെ ഒന്നായി എത്തി. കൂട്ടിയും കിഴിച്ചും നോക്കിയപ്പോൾ അഭിനയത്തിന്റെ ത്രാസിന് മുൻതൂക്കമുണ്ടായിരുന്നു. മലയത്തിമാതു, വളപ്പൊട്ടുകൾ, പിന്നെയും, തുരിയം, തെളിവ്, ബദൽ, ദിശ എന്നീ ചലച്ചിത്രങ്ങളിലും ഗുരുസാഗരം, നന്മയുടെ മാലാഖമാർ, ഒരാൾ കള്ളൻ തുടങ്ങി ഇരുപതിലധികം ഹ്രസ്വചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അപ്പോഴും നാടകത്തിനോടായിരുന്നു കമ്പം. ചങ്ങമ്പുഴയുടെ രമണനും ഇടശേരിയുടെ പൂതപ്പാട്ടും അമച്വർ നാടകങ്ങളാക്കി ക്ഷണിക്കപ്പെട്ട വേദികളിലെത്തിച്ചു. ഇനി ഒരു ഏകാംഗ നാടകത്തിന്റെ പരിശ്രമത്തിലാണ്. നാല് വർഷം മുൻപാണ് കായംകുളം കെ.പി.എ.സിയിൽ എത്തിയത്. ഈഡിപ്പസ്, മരത്തൻ നാടകങ്ങളിലും കഥാപാത്രങ്ങളായി. ഒരു നാടകക്കാരനായി എക്കാലവും അറിയപ്പെടാനാണ് അജീഷ് കൃഷ്ണ ആഗ്രഹിക്കുന്നത്. നാടകത്തിലും സിനിമയിലും അഭിനയിക്കുമ്പോഴും ജീവിതത്തിൽ അഭിനയിക്കാനറിയാത്തതാണ് പലപ്പോഴും അജീഷിന്റെ പരാജയങ്ങൾക്കിടയാക്കുന്നതെന്നാണ് സഹപ്രവർത്തകരുടെ വിലയിരുത്തൽ. "കഥ ഒരു നുണയാണ്, നുണയെല്ലാം കഥകളുമാണ്, കഥ ജീവിതത്തെ സ്പർശിക്കുമ്പോഴാണ് നല്ല നാടകങ്ങളുണ്ടാകുന്നത്"- അജീഷ് കൃഷ്ണ പറഞ്ഞു.