കൊല്ലം: കൊട്ടാരക്കരയിൽ വേനൽ മഴയിൽ കുതിർന്ന വീട് തകർന്നു. മേൽക്കൂര പൊളിഞ്ഞുവീണ് വൃദ്ധന് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. കൊട്ടാരക്കര പെരുംകുളം ചരുവിള പുത്തൻവീട്ടിൽ ചെല്ലപ്പൻപിള്ളയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ശക്തമായ വേനൽമഴ പെയ്തിരുന്നു. വെട്ടുകല്ലുകൊണ്ട് ഭിത്തികെട്ടി ഓട് മേഞ്ഞ വീടാണ് ചെല്ലപ്പൻപിള്ളയുടേത്. രാവിലെ മേൽക്കൂരയും ഭിത്തിയുടെ ഭാഗങ്ങളും ഇടിഞ്ഞ് താഴേക്ക് പതിച്ചു. വീടിനുള്ളിലിരുന്ന ചെല്ലപ്പൻപിള്ളയുടെ ദേഹത്തേക്ക് ഇതിന്റെ ഭാഗങ്ങൾ പതിച്ചാണ് പരിക്കേറ്റത്. അയൽക്കാരും ബന്ധുക്കളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.