photo

കൊല്ലം: കൊറോണയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ വന്നതോടെ പത്തനാപുരം ഗാന്ധിഭവൻ പ്രതിസന്ധിയിലേക്ക്. ഭക്ഷ്യസാധനങ്ങൾക്കും മരുന്നുകൾക്കും ക്ഷാമം നേരിടുകയാണെന്ന് അധികൃതർ അറിയിച്ചു. സന്ദർശകരുടെ വരവ് നിലച്ചതാണ് ഗാന്ധിഭവൻ പ്രതിസന്ധിയിലാവാൻ കാരണം. 1300ൽപരം അന്തേവാസികളും ഇരുന്നൂറിലധികം സേവനപ്രവർത്തകരുമുള്ള ഗാന്ധിഭവനിൽ ഒരു വയസ് മുതൽ 104 വയസുവരെയുള്ളവരുണ്ട്. മനോവൈകല്യമുള്ളവർ, കിടപ്പുരോഗികൾ എന്നിവർക്ക് നാല് നേരത്തെ ഭക്ഷണം, വസ്ത്രം, ഔഷധങ്ങൾ എന്നിവ അനിവാര്യമാണ്.

ആംബുലൻസുകൾക്ക് ഇന്ധനം, വൈദ്യുതി, ജലം, പാചകവാതകം, ജലശുദ്ധീകരണം, മാലിന്യ നിർമ്മാർജ്ജനം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ, സേവനപ്രവർത്തകർക്ക് വേതനം എന്നിവയ്ക്കെല്ലാം കൂടി ദിവസേന മൂന്നര ലക്ഷം രൂപയാണ് ചെലവ് വരുന്നത്. സുമനസുകളുടെ സഹായത്താലാണ് ഇതുവരെ ഇത്തരം ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. സന്ദർശകരുടെ വരവും ഗാന്ധിഭവനിലെ പൊതുപരിപാടികളും പൂർണമായി നിറുത്തിയതിനെ തുടർന്ന് ഏതാനും സന്നദ്ധ സംഘടനകളും പ്രവർത്തകരും നൽകിയ ഭക്ഷ്യസാധനങ്ങൾ ഉപയോഗിച്ചാണ് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്. ഈ കരുതൽ സാധനങ്ങളും തീർന്നിരിക്കുകയാണ്. സേവനപ്രവർത്തകരുടെ കുടുംബങ്ങളിലും പ്രതിസന്ധിയാണ്. സുമനസുകൾ സഹായിക്കണമെന്ന് സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.