കൊല്ലം: ഒന്ന് എഴുന്നേൽക്കാൻ പോലും ആവാതെ കഴിഞ്ഞയാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ പ്രവേശിപ്പിച്ച അമേരിക്കക്കാരി വനിജ ഇപ്പോൾ തുള്ളിച്ചാടുകയാണ്. രാവിലെ എണീറ്റ് യോഗ ചെയ്യും പ്രാർത്ഥിക്കും ഇംഗ്ലീഷും ഹിന്ദിയും മലയാളവും കൂട്ടിക്കലർത്തി നഴ്സുമാരോട് വിശേഷങ്ങൾ പങ്കുവയ്ക്കും. സൊറ പറഞ്ഞിരിക്കാൻ വനിജയ്ക്ക് എപ്പോഴും ഒരു നഴ്സ് കൂട്ടുവേണം.
കഴിഞ്ഞ 16ന് ഉച്ചയ്ക്ക് കേരളാ എകസ്‌പ്രസിലാണ് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയത്. അമൃതാനന്ദമയി മഠത്തിലേക്ക് പോകാൻ ഡൽഹിയിൽ നിന്ന് പുറപ്പെട്ടതാണ്. പനി ബാധിച്ച് ശരീരോഷ്മാവ് ഉയർന്നതോടെ തീരെ അവശയായി പ്ലാറ്റ്ഫോമിലെ കസേരയിൽ തളർന്നിരുന്ന വനിജയെ പൊലീസാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചത്. വീൽ ചെയറിൽ ആശുപത്രിയിലെത്തിയ വനിജ ഇപ്പോൾ പയറ് പോലെയാണ് നടക്കുന്നത്. വനിജയുടെ ആദ്യ രക്തപരിശോധനാ ഫലം നെഗറ്റീവാണ്. അടുത്ത പരിശോധനാഫലം കൂടി നെഗറ്റീവായാൽ മടക്കി അയയ്ക്കും.
കൊറോണ വാർഡിൽ കഴിയുന്നവർക്ക് രാവിലെയും രാത്രിയും ചപ്പാത്തി, ദോശ, അപ്പം തുടങ്ങിയവയാണ് ഭക്ഷണം. ഉച്ചയ്ക്ക് സാമ്പാറും പരിപ്പും മീൻകറിയും പൊരിച്ചമീനും സഹിതമാണ് ഊണ്. പക്ഷെ വനിജ ഇതൊന്നും കഴിക്കില്ല. ഫ്രഷ് ജ്യൂസാണ് ഇഷ്ട വിഭവം. പിന്നെ ന്യൂഡിൽസും സൂപ്പും പോപ്പ് കോണും ബർഗറും സാൻഡ്‌വിച്ചുമൊക്കെ ഇടയ്ക്കിടെ ആവശ്യപ്പെടും. ഇതൊന്നും മെഡിക്കൽ കോളേജിലെ കാന്റീനിലില്ല. കൊറോണ വാർഡിൽ ഡ്യൂട്ടിയിലുള്ള നഴ്സുമാരും ശുചീകരണ തൊഴിലാളികളും മറ്റ് ജീവനക്കാരും വഴി പുറത്തുനിന്നാണ് വനിജയ്ക്കുള്ള ഭക്ഷണം എത്തിക്കുന്നത്. 2018ലാണ് വനിജ ഇന്ത്യയിലെത്തിയത്. 2024 വരെ വിസാ കാലാവധിയുണ്ട്.