kavanadu
കാവനാട് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ച സാമൂഹ്യ അടുക്കളയിലെ ഭക്ഷണ വിതരണം മേയർ ഹണി ബഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ജെ.രാജേന്ദ്രൻ സമീപം

കൊല്ലം: അച്ചാറ്, അവിയൽ, സാമ്പാർ, പുളിശേരി തുടങ്ങിയ വിഭവങ്ങളുമായി കൊല്ലം നഗരസഭാ പരിധിയിൽ ആറ് സാമൂഹ്യ അടുക്കളകൾ തുറന്നു. കാവനാട് കമ്മ്യൂണിറ്റി ഹാൾ, തിരുമുല്ലവാരം, കിളികൊല്ലൂർ, വടക്കേവിള, ഇരവിപുരം, കടവൂർ എന്നിവിടങ്ങളിലാണ് സാമൂഹ്യ അടുക്കളകൾ പ്രവർത്തിക്കുന്നത്.

ഒരു ഊണിന് 20 രൂപയാണ് വില. അശരണർ, കിടപ്പ് രോഗികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്കാണ് സാമൂഹ്യ അടുക്കളയിൽ നിന്ന് ഭക്ഷണം നൽകുന്നത്. കാവനാട് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ച സാമൂഹ്യ അടുക്കള മേയർ ഹണി ബഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ജെ.രാജേന്ദ്രൻ, കൗൺസിലർമാരായ രാജ്മോഹൻ, എസ്.ജയൻ, മീനാകുമാരി തുടങ്ങിയവരും പങ്കെടുത്തു.

തിരുമുല്ലവാരത്തെ കുടുംബശ്രീ യൂണിറ്റ് തയ്യാറാക്കിയ ഭക്ഷണമാണ് കാവനാട് വിതരണം ചെയ്തത്. വാഴയിലയിൽ പൊതിഞ്ഞ നൂറ് ഊണും ചൂടപ്പം പോലെ തീർന്നു. നിശ്ചിത അകലത്തിൽ ക്യൂ നി‌റുത്തിയായിരുന്നു വിതരണം. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ഭക്ഷണം തയ്യാറാക്കി നൽകും. സാമൂഹ്യ അടുക്കളകളിലെത്തി ഭക്ഷണം വാങ്ങാൻ കഴിയാത്തവർക്ക് വീടുകളിലെത്തിച്ച് നൽകും.