രാവിലെ 10.30: പൂയപ്പള്ളി വെങ്കോട്
വെങ്കോട് ഏലയിലെ കർഷകർ പതിവ് പോലെ കൃഷിയിടങ്ങളിലുണ്ട്. തോടിന്റെ കരയിലൂടെ പഴയ കുടചൂടി വീട്ടിലേക്ക് പോകുന്ന 75 കാരൻ ബേബിച്ചായന്റെ കൈയിലെ സഞ്ചിയിൽ അങ്ങാടി കടയിൽ നിന്ന് വാങ്ങിയ എണ്ണയാണ്. സജിയും ലാലിയും വീട്ടിലെ ആടിന് തീറ്റതേടി ഇതേ തോടിന്റെ കരയിലൂടെ ഏലായിലേക്ക്. അപ്പുറത്തെ കണ്ടത്തിൽ ചീരയ്‌ക്ക് വെള്ളമൊഴിക്കുന്ന തിരക്കിലാണ് അച്ചൻകുഞ്ഞും സഹായി രവിയും. കുലച്ച വാഴകൾ പലതും മഴയിൽ ഒടിഞ്ഞ് വീണു. അത് കയർ കെട്ടി ഉയർത്താനാണ് രണ്ടുപേരും കൂടി ഇറങ്ങിയത്. പാടത്തും പറമ്പിലും പണിയെടുക്കുന്ന സാധാരണ ജീവിതങ്ങൾക്ക് ലോക്ക് ഡൗൺ വിലക്കുമായി വീടിനുള്ളിലേക്ക് ഒതുങ്ങാനാകുന്നില്ല.
10.43: പൂയപ്പള്ളി ജംഗ്ഷൻ
ഓരോ വാഹനങ്ങളും തടഞ്ഞ് പരിശോധിക്കുകയാണ് പൊലീസ്. തിരക്കൊഴിഞ്ഞ് ശാന്തമായ നഗരത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളുമല്ലാതെ മറ്റൊന്നുമില്ല.
10.50: പൂയപ്പള്ളി മെെലോട്
റേഷൻ കടയിൽ പതിവ് പോലെ തിരക്കുണ്ട്. അരിയും ഗോതമ്പും വാങ്ങാൻ അഞ്ച് വീട്ടമ്മമാർ കാത്ത് നിൽക്കുന്നു. കൊറോണയുടെ പ്രതിസന്ധി കാലത്ത് ജനങ്ങളുടെ തണലാണ് പൊതുവിതരണ മേഖല
11.04: ഇളമാട്
ഭരണിക്കാവ് ഭഗവതി ക്ഷേത്രപരിസരം മൂകമാണ്. ജംഗ്ഷനിൽ അങ്ങാടിക്കടയും ബേക്കറിയും പല ചരക്ക് കടയും മാത്രം. അനാവശ്യമായി പുറത്തിറങ്ങാതെ ജനങ്ങൾ ലോക്ക് ഡൗണിനോട് സഹകരിക്കുന്നത് ഇവിടെ നേരിട്ടറിയാം.
11.18: ഇടമുളയ്‌ക്കൽ
ഇത്രയും ശാന്തമായി ഇതിന് മുമ്പ് ഇടമുളയ്ക്കലിനെ ആരും കണ്ടിട്ടുണ്ടാകില്ല. റേഷൻ കടകയും പലചരക്ക് കടകളും മാത്രം തുറന്നിരിക്കുന്നു. നിരത്തുകൾ വിജനം.
11.22: അഞ്ചൽ
ടൗൺ നിറയെ പൊലീസുണ്ട്. പോകുന്ന വാഹനങ്ങളൊക്കെയും തടഞ്ഞുനിറുത്തി കാരണങ്ങൾ തിരക്കുന്നു. മതിയായ കാരണമില്ലാത്തവരെ മാറ്റിനിറുത്തുന്നു. പാതിരാവിലെന്ന പോൽ നിശബ്‌ദമാണ് ടൗൺ. സൂപ്പർ മാർക്കറ്റുകളും ബേക്കറികളും മാത്രമാണ് തുറന്നത്.
11.38: പുനലൂർ
മലയോര മേഖലയുടെ ഹൃദമായ പുനലൂർ ലോക്ക് ഡൗൺ മുതൽ വിജനമാണ്. സർവീസ് അവസാനിപ്പിച്ച എണ്ണമറ്റ കെ.എസ്.ആർ.ടി.സി ബസുകളാൽ നിറഞ്ഞ് സ്റ്റാൻഡ്. തൂക്ക് പാലത്തിലും പരിസരങ്ങളിലും കാഴ്‌ചക്കാർ ആരുമില്ല. സൂപ്പർ മാർക്കറ്റുകളിലും പച്ചക്കറി കടകളിലും മാത്രമാണ് ജനത്തെ കാണാനാവുക.
12.47: കടുവാത്തോട്
പട്ടാഴിക്ക് അടുത്തുള്ള കടുവാത്തോട് ഗ്രാമം മറ്റിടങ്ങളേക്കാൾ കുറേക്കൂടി സജീവമാണ്. നിരത്തിൽ കൂടുതലുള്ളത് ബേക്കറികളും പലചരക്ക് കടകളും മെഡിക്കൽ സ്റ്റോറുകളും ആയതിനാൽ ലോക്ക് ഡൗൺ പ്രതീതി ഇല്ല. പട്ടാഴിയിലേക്ക് തിരിയുന്ന ഭാഗത്തെ ബേക്കറിയിൽ ഏത്തയ്‌ക്കാ അപ്പവും പരിപ്പ് വടയും എണ്ണയിൽ മൊരിയുന്നു. ആളുകളുടെ തിരക്കേറുമെന്നതിനാൽ ചായക്കച്ചവടം നിറുത്തി.
01.47: പുത്തൂർ
കൊട്ടാരക്കരയോട് ചേർന്ന് കിടക്കുന്ന വലിയ ടൗണായ പുത്തൂർ ഏറെക്കുറെ ആളൊഴിഞ്ഞിട്ട് ദിവസങ്ങളായി. പുത്തൂർ ചന്തയിൽ ചില പച്ചക്കറി കച്ചവടക്കാരല്ലാതെ ആരുമില്ല. സൂപ്പർ മാർക്കറ്റുകളിൽ തിരക്കുണ്ടെങ്കിലും നിരത്ത് വിജനമാണ്.
02.04: ഏഴാംമൈൽ
കൊല്ലം - പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ ഏഴാംമൈലിൽ പ്രത്യേക ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി പോകുന്ന എല്ലാവരെയും ആരോഗ്യ വകുപ്പ് പരിശോധിക്കും. അസുഖ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ യാത്രാ നിയന്ത്രണം വരും.
03.05: മലനട
പോരുവഴി പെരുവിരുത്തി മലനടയിലെ മലക്കുട ഉത്സവത്തിന്റെ ഭാഗമാകാൻ വെൺകുളം ഏലായിൽ പതിനായിരങ്ങൾ എത്തേണ്ടതായിരുന്നു ഇന്നലെ. ഉത്സവം ആചാരങ്ങളിൽ മാത്രമായൊതുക്കിയതിന് ശേഷം ദർശനം താത്കാലികമായി തടഞ്ഞു. ക്ഷേത്ര പരിസരത്ത് 144 പ്രഖ്യാപിച്ചതിനാൽ പൊലീസ് ഉദ്യോഗസ്ഥർ അല്ലാതെ മറ്റാരും ക്ഷേത്ര പരിസരത്ത് വൈകുന്നേരം ഉണ്ടായിരുന്നില്ല.
03.15: ചക്കുവള്ളി
ജില്ലയുടെ വടക്കേ അതിർത്തിയോട് അടുത്ത് കിടക്കുന്ന ചക്കുവള്ളി പൊലീസ് നിയന്ത്രണത്തിലാണ്. പോരുവഴിയിൽ 144 പ്രഖ്യാപിച്ചതിനാൽ മലനടയിലേക്കുള്ള വഴി പൊലീസ് അടച്ചു.
04.00: നല്ലേഴത്ത് മുക്ക്
ചവറ നല്ലേഴത്ത് മുക്കിൽ കൊറോണയുടെ ദുരിത കാലത്തിന്റെ അടയാളമായി ഒരു വണ്ടിക്കുതിര ഇരിപ്പുണ്ട്. ചമയങ്ങളില്ലാതെ വെയിലും മഴയുമേറ്റിരിക്കുന്ന ഈ കുതിരയ്ക്ക് ജീവൻ വയ്ക്കണമെങ്കിൽ പ്രതിസന്ധി മാറി ഉത്സവകാലങ്ങൾ മടങ്ങിയെത്തണം.
04.10: നീണ്ടകര
പാലം പൊലീസ് നിയന്ത്രണത്തിലാണ്. അനാവശ്യ യാത്രക്കാരെ ഇതുവഴി കടത്തിവിടുന്നില്ല. താഴെ മത്സ്യബന്ധന ബോട്ടുകളെല്ലാം തീരത്തടുപ്പിച്ചത് കാണാം. മത്സ്യബന്ധന മേഖല നിശ്ചലമാണ്.
04.20: കളക്ടറേറ്റ്
പ്രതിരോധ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്ന കളക്ടറേറ്റ് സജീവമാണ്. ഓഫീസുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട്. ചുറ്റുമുള്ള നിരത്തുകൾ വിജനമാണ്.
04.30: ചിന്നക്കട
ചിന്നക്കടയിൽ പൊലീസ് ബസ് റോഡിന് കുറുകെയിട്ട് ഗതാഗതം തടഞ്ഞു. റെസിഡൻസി റോഡും കടപ്പാക്കടയിലേക്കുള്ള വഴിയും ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടയുകയാണ്. വരുന്ന ഓരോ വാഹനങ്ങളും പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരടക്കം നിരത്തിലുണ്ട്.