c
കൊറോണപ്പേടിയിൽ കൊല്ലം ഇങ്ങനെ...

കൊല്ലം: കൊറോണയെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിലാണ് സംസ്ഥാനം. എല്ലാവരും ഒരാഴ്ചയോടടുത്ത് വീട്ടിലാണ്. മിക്കവാറും പത്രലേഖകരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഈ സമയം ജില്ലയെങ്ങനെ എന്നറിയാനും കൊല്ലത്തെ മൊത്തം വായനക്കാരിലെത്തിക്കാനും കേരളകൗമുദി വാർത്താ സംഘം ജില്ലയിലാകെ സഞ്ചരിച്ചു. സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ബി.ഉണ്ണിത്താൻ, റിപ്പോർട്ടർ ആർ.ഹരിപ്രസാദ്, ഫോട്ടോഗ്രാഫർമാരായ എം.എസ്.ശ്രീധർലാൽ, ഡി.രാഹുൽ എന്നിവർ കണ്ട കാഴ്ചകൾ.


രാവിലെ 9.32
പാരിപ്പള്ളി മെഡിക്കൽ കോളേജ് (കൊല്ലം താലൂക്ക്)


വാഹനങ്ങളുടെ എണ്ണം കുറവ്. ഒ.പി സജീവം. 206 -ാമത്തെ ഒ.പിയാണ് ഡോക്ടർമാർ നോക്കുന്നത്. 2,​000 വരെ വന്നിരുന്ന ഒ.പി ഇന്നലെ 141 ആയിരുന്നു. 9.32ന് ഇത് 206 ആയി. തിരക്ക് കുറവാണ്. എവിടെ നോക്കിയാലും മാസ്‌ക് ധാരികൾ മാത്രം.
സൂപ്രണ്ടിന്റെ മുറിയിലേക്കുള്ള വഴിയിൽ വല്ലാത്ത മൂകത. ആരെയും കാണുന്നില്ല. ഏതാനും സുരക്ഷാ ഉദ്യോഗസ്ഥർ മാത്രം. സൂപ്രണ്ട് ഡോ. ഹബീബ് നസീം അടക്കം എല്ലാ ഡോക്ടർമാരും നഴ്‌സുമാരും വലിയ തിരക്കലിലാണ്. മൂന്ന് വിഭാഗമായി ഒരേ സമയം 18 ഡോക്ടർമാർ സജീവമായുണ്ട്. ഇവിടത്തെ മൂന്ന്, നാല്, അഞ്ച്, ആറ് വാർഡുകൾ കൊറോണ നിരിക്ഷണത്തിനും ചികിൽസയ്ക്കും വേണ്ടി മാത്രമാണ്. ജിവനക്കാരും ഡോക്ടർമാരും മറ്റുള്ളവരും പാർക്കുന്ന വലിയൊരു കെട്ടിടം ഒഴിപ്പിക്കാൻ പോകുന്നു. കൊറോണ ലക്ഷണവുമായി ആളെത്തിയാൽ ചികിത്സിക്കാനാണിത്. 100 മുറികളും വെന്റിലേറ്ററുകളും ഇതിനായി തയ്യാറാക്കുകയാണ്. എന്തൊക്കെയോ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് മെഡിക്കൽ കോളേജ്.


10.22 അടുതല പാലം


കല്ലുവാതുക്കൽ വഴി പൂയപ്പള്ളിയിലേയ്ക്ക് പോകുന്ന വഴിയിലാണ് അടുതല പാലം. നല്ലൊരു നാട്ടിൻപുറം. ഈ സമയം പുറത്താരെയും കാണാനില്ല. പാലത്തിന്റെ കൈവരിക്കുള്ളിൽ ഉറങ്ങിപ്പോയപോലൊരു കാക്കത്തമ്പുരാട്ടിയുണ്ട്. ഞങ്ങളെ കണ്ടമാത്രയിൽ ശല്യമായല്ലോ എന്ന ശാസനാ രൂപത്തിൽ പറന്നകന്നു.


11.08 ആയൂർ
നഗരം ശാന്തം. തുറന്ന കടകൾ തീരെക്കുറവ്. മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാൻ മൂന്നാലുപേരുണ്ട്. ഇവർ മാസ്‌ക് ധരിച്ചിട്ടുണ്ട്. റോഡിലൂടെ കുട കുത്തി നടക്കാനാവാതെ ഒരു വൃദ്ധൻ വരുന്നുണ്ട്. അദ്ദേഹവും മാസ്‌ക് ധരിച്ചിട്ടുണ്ട്. മുന്ന് പൊലീസുകാർ കാര്യം പറഞ്ഞ് നിൽക്കുന്നു. പരിശോധനയില്ല. ഒരാൾ പത്രം വായിക്കുന്നുണ്ട്. ചുറ്റിലും നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നതേയില്ല.


11.52 ഇളമ്പൽ


വിളക്കുടി പഞ്ചായത്ത് പണിത വെയിറ്റിംഗ് ഷെഡിൽ രണ്ടോ മുന്നോപേരുണ്ട്. അവർ ബസ് കാത്തിരിക്കുന്നതല്ല. എന്തോ ആലോചിച്ചിരിക്കുന്നു. തൊട്ടടുത്ത മെഡിക്കൽ ഷോപ്പിൽ ഒരു പെൺകുട്ടി മരുന്ന് നൽകുന്നു. വലിയ തിരക്കില്ല. പച്ചക്കറി സ്റ്റാൾ തുറന്നിട്ടുണ്ടെങ്കിലും വാങ്ങാൻ ആരുമില്ല. സ്വകാര്യ വാഹനങ്ങൾ പോകുന്നുണ്ട്. എണ്ണം കുറവ്. ആളനക്കം പലേടത്തുമില്ല. രണ്ട് മൂന്ന് ആട്ടോറിക്ഷകളും കിടപ്പുണ്ട്.


ഉച്ചയ്ക്ക് 12.15
പത്തനാപുരം താലൂക്ക് ആസ്ഥാനം


റോഡിൽ പരിശോധനയ്ക്ക് പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. സത്യവാങ്മൂലം കൃത്യമല്ലാത്തവരെ താക്കീത് ചെയ്യുന്നു. ഗാരേജിൽ നിറുത്തിയിട്ട ആനവണ്ടികൾ. ഒരു ഹോട്ടൽ തുറന്നിട്ടുണ്ട്. പാഴ്സൽ മാത്രമെന്ന ബോർഡും കാണാം. സൂപ്പർമാർക്കറ്റുകളോ തുണിക്കടയോ തുറന്നിട്ടില്ല. ചില മെഡിക്കൽ ഷോപ്പുകളും പൂജാ സാധനങ്ങളുടെ ഷോപ്പും ചില പലവ്യഞ്ജന കടകളും തുറന്നിരിക്കുന്നു. കൂട്ടം കൂടി നിന്നാൽ കർശന നടപടിയെന്ന് വിളിച്ചു പറഞ്ഞ് അനൗൺസ്‌മെന്റ് വാഹനം പോകുന്നു. ന്യായവില മരുന്നുകടയിൽ നല്ല തിരക്ക്.

 1.30, കൊട്ടാരക്കര പുലമൺ
(കൊട്ടാരക്കര താലൂക്ക്)


ഒരു പച്ചക്കറികട തുറന്നിരിക്കുന്നു. തുറന്നിരിക്കുന്ന മറ്റു കടകൾ വിരലിലെണ്ണാവുന്നവ മാത്രം. മെഡിക്കൽ ഷോപ്പുകൾ തുറന്നിരിപ്പുണ്ട്. പക്ഷേ വാങ്ങാൻ ആളെ കണ്ടില്ല. സാധാരണ തിരക്കുണ്ടാകുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആളനക്കം പോലുമില്ല. ചന്തമുക്കിൽ പൊലീസിന്റെ കർക്കശ പരിശോധന. സ്വകാര്യ വാഹനങ്ങൾ തീരെ കുറവ്.


3.20 ശാസ്താംകോട്ട ഭരണിക്കാവ്
(കുന്നത്തൂർ താലൂക്ക്)


ട്രാഫിക് റൗണ്ടിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ്. പെട്ടെന്ന് ഒരു വാഹനത്തിനും ഓടിപ്പോകാനാവില്ല. 90 ശതമാനം കടകളും തുറന്നിട്ടില്ല. ഒരു അങ്ങാടിക്കട തുറന്നിരിപ്പുണ്ട്. പക്ഷേ ആളില്ല. അങ്ങിങ്ങ് പൊലീസിന്റെ സാന്നിദ്ധ്യം. കടപുഴ റോഡിൽ കണ്ടത് ശ്മശാന മൂകത. ആട്ടോറിക്ഷകളും കാറുകളുമില്ല. താലൂക്കിലെ ഏറ്റവും തിരക്കേറിയ ഭരണിക്കാവ് ജംഗ്ഷൻ തിരക്കില്ലായ്മയിൽ മൂകമായപോലെ.


 3.51 കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാനം


ജില്ലയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ കരുനാഗപ്പള്ളിയിൽ എല്ലാം നിശ്ചലം. ദേശീയ പാതവഴി വാഹനങ്ങൾ കുറവ്. ടാങ്കറുകളാണ് കൂടുതൽ ഓടുന്നത്. ജംഗ്ഷൻ വിജനം. അങ്ങിങ്ങായി ആട്ടോറിക്ഷകൾ കാണാം. കാൽനടക്കാരെപ്പോലും കാണുന്നില്ല. കന്നേറ്റി പാലത്തിൽ എട്ട് പൊലീസുകാരുടെ നേതൃത്വത്തിൽ കർക്കശ പരിശോധന. തൊട്ടടുത്ത ഗ്രാമീണ വീഥികൾ പോലും വിജനം.