കൊല്ലം: ഇല്ലായ്മകൾക്കിടയിലും സങ്കടം മറന്ന് മഞ്ജു സൗജന്യമായി തുന്നി നൽകിയത് അയ്യായിരത്തോളം മാസ്കുകൾ. കഴിഞ്ഞ രണ്ടാഴ്ചയായി മഞ്ജുവിന്റെ തുന്നൽക്കടയിലെ തയ്യൽ മെഷീന് വിശ്രമമില്ല. ഭർത്താവിന്റെ അകാല വേർപാടിന്റെ നൊമ്പരവും കടബാദ്ധ്യതകളുടെ ആധിയും വേട്ടയാടുമ്പോഴും കൊറോണക്കാലത്ത് ഇത്രയെങ്കിലും ചെയ്യാനായതിന്റെ സന്തോഷമാണ് കുളത്തൂപ്പുഴ യഥുമാധവത്തിൽ പി.മഞ്ജുവിന്. അഞ്ചുവർഷം മുമ്പാണ് കുളത്തൂപ്പുഴ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം കല്യാൺ ഗാർമെന്റ്സ് എന്ന തുന്നൽക്കട തുറന്നത്. തൊഴിലുറപ്പിനും പോകാറുണ്ട്. വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ കർമ്മിയായിരുന്ന ഭർത്താവ് മധു മഞ്ഞപ്പിത്തം ബാധിച്ച് ഒന്നരവർഷം മുമ്പാണ് മരിച്ചത്. ചികിത്സയ്ക്കും മറ്റുമായി വലിയ തുക ചെലവ് വന്നതോടെ കടംകയറി. കിടപ്പാടം വിറ്റു. ഇപ്പോൾ സഹോദരിയുടെ വീട്ടിലാണ് മഞ്ജുവും മക്കളായ യഥു കൃഷ്ണനും മാധവ് കൃഷ്ണനും താമസിക്കുന്നത്. യഥു ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സിന് മൂലമറ്റത്തും മാധവ് ഇനി അഞ്ചാം ക്ളാസിലുമാണ്.
പഞ്ചായത്ത് ഓർഡർ നൽകി
മഞ്ജു സൗജന്യമായി മാസ്കുകൾ നിർമ്മിച്ച് നൽകുന്നതറിഞ്ഞ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് അധികൃതർ മാസ്ക് നിർമ്മിക്കാനുള്ള ഓർഡർ നൽകി. ഇന്നും നാളെയുമായി ആയിരത്തിലധികം മാസ്ക് പഞ്ചായത്തിന് നൽകണം. മഞ്ജുവിന്റെ സങ്കടമറിയാമെന്നതിനാൽ പണം നൽകി വാങ്ങാനാണ് തീരുമാനം.