പുനലൂർ: ബാങ്ക് ശാഖയിൽ കൊറോണ ബാധിതൻ എത്തിയെന്ന സംശയത്തെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ജീവനക്കാരിയുടെ ഭർത്താവ് ജോലി ചെയ്യുന്ന ഫെഡറൽ ബാങ്കിന്റെ ഇടമൺ ശാഖ താത്കാലികമായി അടച്ചു . ഇന്നലെ രാവിലെ 11 ഓടെയാണ് ബാങ്ക് അടച്ച് പൂട്ടി ബോർഡിൽ നോട്ടീസ് പതിപ്പിച്ചത്. പത്തനംതിട്ട കൊടുമൺ ചന്ദനപ്പള്ളി എസ്.ബി.ഐ ശാഖയിലാണ് കൊറോണ ബാധിതൻ സന്ദർശിച്ചതായി സംശയം ഉയർന്നത്. ഇതെ തുടർന്ന് ചന്ദനപ്പള്ളി ശാഖ അടച്ചശേഷം ജീവനക്കാർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്. ഫെഡറൽ ബാങ്ക് ഇടമൺ ശാഖയിലെ ജീവനക്കാരന്റെ ഭാര്യ എസ്.ബി.ഐ ശാഖയിലെ ജീവനക്കാരിയാണ്. ഇതോടെയാണ് ജീവനക്കാരൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബാങ്ക് അടച്ച ശേഷം ഇടപാടുകാർ സമീപത്തെ പുനലൂർ, അഞ്ചൽ, കുളത്തൂപ്പുഴ ശാഖകളിൽ അത്യാവശ്യ ഇടപാടുകൾ നടത്തണമെന്നറിയിച്ചുള്ള നോട്ടീസ് പതിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച മുതൽ ബാങ്ക് ശാഖ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.