c
കൊല്ലം പത്തനാപുരം ജംഗ്ഷനിലെ പോലീസ് വാഹന പരിശോധന

 346 വാഹനങ്ങൾ പിടിച്ചെടുത്തു

 411 കേസുകൾ രജിസ്റ്റർ ചെയ്‌തു

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ച് നിരത്തിലിറങ്ങിയ 436 പേരെ ഇന്നലെ മാത്രം ജില്ലയിൽ പൊലീസ് അറസ്റ്റ് ചെയ്‌തു. നിയമ ലംഘകർക്കെതിരെ 411 കേസുകൾ രജിസ്റ്റർ ചെയ്‌ത പൊലീസ് 346 വാഹനങ്ങൾ പിടിച്ചെടുത്തു. ഏപ്രിൽ 15ന് രേഖകൾ ഹാജരാക്കുമ്പോൾ മാത്രമേ വാഹനങ്ങൾ വിട്ടുനൽകുകയുള്ളൂ.

കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ പരിശോധനകളും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കാനാണ് പൊലീസ് തീരുമാനം. അനാവശ്യ യാത്രകൾക്കും കാഴ്ച കാണലുകൾക്കുമായി നിരത്തിലിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് കർശന വകുപ്പുകൾ ചുമത്തും. കൊല്ലം സിറ്റി പൊലീസ് 183 കേസുകളിലായി 194 പേരെ അറസ്റ്റ് ചെയ്യുകയും 148 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. കൊല്ലം റൂറൽ പൊലീസ് 228 കേസുകളിലായി 242 പേരെ അറസ്റ്റ് ചെയ്‌തതിനൊപ്പം 198 വാഹനങ്ങൾ പിടിച്ചെടുത്തു.

ശക്തികുളങ്ങര വളവിൽ തോപ്പിൽ നിയന്ത്രണങ്ങൾ വെല്ലുവിളിച്ച് ജനങ്ങളെയും മത്സ്യവ്യാപാരികളെയും കൂട്ടി മത്സ്യ ലേലം നടത്തിയ 12 പേർക്കെതിരെ കേസെടുത്തു. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തമിഴ്നാട്ടിൽ നിന്നെത്തിയ ശേഷം നിരീക്ഷണത്തിൽ കഴിയാതെ മുങ്ങിയ മൂന്ന് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്‌തു. മസ്‌കറ്റിൽ നിന്ന് വന്ന ശേഷം ഗൃഹനിരീക്ഷണത്തിൽ കഴിയാതെ കണ്ണൂർ യാത്ര നടത്തിയ തിരുമുല്ലവാരം സ്വദേശി സന്തോഷ് കുമാറിനെതിരെ കേസെടുത്തു. ഇദ്ദേഹം രണ്ട് തവണ കണ്ണൂരിലേക്ക് യാത്ര നടത്തി. ഇന്നലെ കണ്ണൂർ സ്വദേശികളായ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കൊല്ലത്ത് തിരികെ എത്തിയപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്‌ത് കർശന ഗൃഹ നിരീക്ഷണത്തിലാക്കിയത്.