കുണ്ടറ: ലോക്ക് ഡൗണിന്റെ മറവിലുള്ള വിലക്കയറ്റം തടയുന്നതിനായി കുണ്ടറയിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ മിന്നൽ പരിശോധന നടത്തി. നിർദ്ദേശങ്ങളെ അവഗണിച്ച് പച്ചക്കറികൾക്ക് അമിത വില ഈടാക്കിയ കടകളിൽ വിലനിലവാര പട്ടിക പ്രദർശിപ്പിക്കാൻ ഉത്തരവ് നൽകി. മുക്കട ജംഗ്ഷനിലും എസ്.ബി.ഐക്ക് സമീപവും പ്രവർത്തിക്കുന്ന പച്ചക്കറി വ്യാപാരികൾക്ക് ഉദ്യോഗസ്ഥർ താക്കീതു നൽകി. മിക്ക കടകളിലും സവാള, ചെറിയ ഉള്ളി, തക്കാളി, പച്ചമുളക് തുടങ്ങിയ അത്യാവശ്യ സാധനങ്ങൾക്കാണ് അമിത വില ഈടാക്കിയത്. സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെപ്പറ്റി കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കൊല്ലം ജില്ലയിൽ സാധനങ്ങളുടെ വില ഏകീകരിച്ചിട്ടുണ്ട്. സവാള 33, പച്ചമുളക് 40, തക്കാളി 40, ചെറിയ ഉള്ളി 90 എന്നിങ്ങനെയാണ് കിലോയ്ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. കുണ്ടറ കമ്പോളത്തിൽ അമിത വില ഈടാക്കുന്നതായി ജനങ്ങൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. റേഷൻ ഇൻസ്‌പെക്ടർമാരയ ആർ. അനിയൻ, ബി. ഗോപകുമാർ, എ. ഹുസൈൻ, എ. ജോൺസൺ എന്നിവർ മിന്നൽ പരിശോധനയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. നിർദ്ദേശം ലംഘിക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കി സീൽ ചെയ്യുന്ന നടപടി സ്വീകരിക്കും.
സി.വി. അനിൽകുമാർ, താലൂക്ക് സപ്ലൈ ഓഫീസർ