അഞ്ചൽ: കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ആഹാരം ലഭിക്കാതെ ബുദ്ധിമുട്ടിയവർക്ക് ഭക്ഷണമെത്തിച്ച് അഞ്ചൽ പൊലീസ്. വിദേശത്തുനിന്ന് വന്ന് നിരീക്ഷണത്തിലായിരുന്ന ആളുടെ കുടുംബമാണ് രാവിലെ മുതൽ ഭക്ഷണത്തിന് യാതൊരു മാർഗമില്ല എന്നവിവരം പൊലീസിന്റെ എമർജൻസി നമ്പരിൽ വിളിച്ചു പറഞ്ഞത്. തുടർന്ന് അഞ്ചൽ എസ്.ഐ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സാധനങ്ങളുമായി വീട്ടിലെത്തുകയായിരുന്നു. നിരീക്ഷണത്തിലാണെന്ന് അറിഞ്ഞതിനെ തുടർന്ന് അയൽവാസികളും ബന്ധുക്കളുമെല്ലാം തങ്ങളെ ഒറ്റപ്പെടുത്തിയതായി നിരീക്ഷണത്തിൽ കഴിയുന്നയാൾ പറയുന്നു. കൊച്ചുകുട്ടി ഉണ്ടായിട്ടുപോലും ആ പരിഗണനപോലും ലഭിച്ചില്ല. എന്ത് ആവശ്യമുണ്ടെങ്കിലും സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി തന്നാൽ കൃത്യ സമയത്ത് ആഹാരവും മറ്റു സാധന സാമഗ്രികളും എത്തിക്കാൻ തയ്യാറാണെന്ന് പൊലീസ് വീട്ടുകാരെ അറിയിച്ചു.