കൊല്ലം: ലോക്ക് ഡ‌ൗൺ തുടങ്ങുന്നതിന് തലേദിവസം വരെ കൊല്ലത്തെ വിപണികളിൽ ചെറിയ ഉള്ളിയുടെ ശരാശരി വില 70 രൂപ ആയിരുന്നു. ലോക്ക് ഡൗണിന്റെ ആദ്യ ദിവസം നൂറിലേക്കും പിന്നീട് 110ലേക്കും ഉയർന്നു. ഇന്നലെ 150 രൂപയാണ് ചെറിയ ഉള്ളിക്ക് ജില്ലയിലെ പല കടകളിലും ഈടാക്കിയത്. മണിക്കൂറുകളുടെ ഇടവേളകളിൽ ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് തോന്നിയ പോലെ വില ഉയർത്തുകയാണ് വ്യാപാരികളിൽ പലരും.

ലോക്ക് ഡൗൺ ആരംഭിച്ച ശേഷം ജില്ലയുടെ അതിർത്തി കടന്ന് അവശ്യ വസ്തുക്കളുമായി ലോറികൾ കൂടുതലായി എത്തിയിട്ടില്ല. മുമ്പ് കൈവശം ഉണ്ടായിരുന്ന സാധനങ്ങൾക്ക് കൊറോണക്കാലത്തെ ആവശ്യം മനസിലാക്കി വില ഉയർത്തുന്നുവെന്ന് വ്യക്തം. ജില്ലാ ഭരണകൂടം കർശന നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും വിലക്കയറ്റക്കാരെയും പൂഴ്ത്തി വയ്പ്പുകാരെയും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നത് വ്യക്തമാണ്.