കുണ്ടറ: കക്ക വാരാൻ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമ്പളം വെങ്കലവിള വീട്ടിൽ ഫെലിക്സിന്റെ മകൾ സൗമ്യയാണ് (26) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. 1.30 ഓടെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നിർമ്മാണ തൊഴിലാളിയാണ് ഫെലിക്സ്. അസുഖം ബാധിച്ച ഭാര്യയും രണ്ട് പെൺമക്കളുമുള്ള കുടുംബം സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലായിരുന്നു. നാട്ടുകാരുടെ കൂട്ടായ്മ ഇവർക്ക് വീടുവച്ചുനൽകാൻ തീരുമാനിച്ചിരുന്നു. വീടിന്റെ അടിസ്ഥാനം നിർമ്മിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചതോടെയാണ് ലോക് ഡൗൺ പ്രഖ്യാപനമുണ്ടായത്. മേരിക്കുട്ടിയാണ് സൗമ്യയുടെ അമ്മ. സഹോദരി: ഫിൻസി. കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.