കൊട്ടാരക്കര: അവശ്യസാധനങ്ങളുമായി എത്തുന്ന ചരക്ക് വാഹനങ്ങൾക്ക് തമിഴ്നാട്ടിൽ ഇനി വിലക്കുണ്ടാകില്ല. പൊലീസ് നൽകുന്ന പാസ് ഉപയോഗിച്ച് തമിഴ്നാട്ടിലും കേരളത്തിലും സഞ്ചരിക്കാം. ഇന്നലെ കുറ്റാലത്ത് ചേർന്ന കേരള - തമിഴ്നാട് പൊലീസ് സംയുക്ത ബോർഡർ മീറ്റിംഗിലാണ് തീരുമാനം. പാസുകളിൽ കേരള - തമിഴ്നാട് പൊലീസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ രേഖപ്പെടുത്തിയിരിക്കും. ചരക്ക് വാഹനങ്ങൾക്ക് ഏത് അടിയന്തര സാഹചര്യത്തിലും രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസുമായി ബന്ധപ്പെട്ട് യാത്രാതടസങ്ങൾ നീക്കാനാകും. കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ യോഗത്തിൽ അദ്ധ്യക്ഷനായി. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗരുഡിൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബി.വിനോദ്, പുനലൂർ ഡിവൈ.എസ്.പി അനിൽദാസ്, തെങ്കാശി ജില്ലാ പൊലീസ് മേധാവി സുഖ്ന സിംഗ്, ഡിവൈ.എസ്.പി ഗോകുൽദാസ്, ചെങ്കോട്ട സി.ഐ സുരേഷ് എന്നിവർ പങ്കെടുത്തു.