chicken

 മത്സ്യലഭ്യത കുറഞ്ഞതും കോഴി വരവ് നിലച്ചതും വില കൂടാൻ കാരണമായി

കൊല്ലം: ഒരാഴ്ചയ്ക്കുള്ളിൽ ഇറച്ചിക്കോഴി വില 35 രൂപയിൽ നിന്ന് 135 ലേക്ക് കുത്തനെ ഉയർന്നു. കൊറോണ കാലത്തെ ലോക്ക് ഡൗൺ മറയാക്കി കോഴിയിറച്ചി വിപണിയിൽ നടക്കുന്നത് പകൽ കൊള്ളയാണ്. കൊറോണ വ്യാപനം ആരംഭിച്ചതിനൊപ്പം പക്ഷിപ്പനി കൂടി റിപ്പോർട്ട്‌ ചെയ്തതോടെ ഒരു മാസം മുമ്പ് ഇറച്ചിക്കോഴിയുടെ വിലയിൽ വലിയ കുറവുണ്ടായിരുന്നു.

ശരാശരി 85 മുതൽ 90 രൂപ വരെ വില ലഭിച്ചിരുന്ന കോഴിയുടെ വില 50 രൂപയിലും താഴേക്കായിരുന്നു കുറഞ്ഞത്. 35 രൂപയ്ക്ക് വരെ കോഴി വിറ്റ കടകളും ജില്ലയിൽ ഉണ്ടായിരുന്നു. എന്നാൽ ലോക്ക് ഡൗൺ കാലത്ത് മത്സ്യലഭ്യത കുറയുകയും കുടുംബാംഗങ്ങൾ മിക്കവരും വീട്ടിൽ ഉണ്ടാവുകയും ചെയ്തതോടെ കോഴിക്ക് ആവശ്യക്കാരേറി. ഇതോടെ തോന്നിയ വില എന്ന തരത്തിലേക്കായി കാര്യങ്ങൾ.

110 രൂപ മുതൽ 135 രൂപ വരെയാണ് ഒരു കിലോ കോഴിക്ക് ഇന്നലെ ജില്ലയിലെ പല കടകളിലും ഈടാക്കിയത്. കോഴിയിറച്ചിക്ക് നിശ്ചിതമായ ഒരു സർക്കാർ വില ഇല്ലാത്തതും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. ട്രോളിംഗ് ബോട്ടുകൾ കടലിൽ പോകാത്തതിനാൽ വിപണിയിൽ കടൽ മത്സ്യങ്ങൾ തീരെയില്ല. കായൽ മത്സ്യങ്ങളും വള്ളത്തിൽ പോയി പിടിക്കുന്ന കടൽ മീനുകളും ജില്ലയുടെ ആവശ്യത്തിന് തികയുന്നുമില്ല. ഈ സാഹചര്യമാണ് വില വർദ്ധനവിന് മറയാക്കിയത്. അതിർത്തി കടന്ന് തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് പൂർണമായും നിലച്ചിട്ടുണ്ട്. എങ്കിലും നിലവിലെ ആവശ്യം പൂർത്തീകരിക്കാനുള്ള ഇറച്ചിക്കോഴികൾ കേരളത്തിലെ ഫാമുകളിലുണ്ട്. പക്ഷെ തമിഴ്‌നാട്ടിൽ നിന്ന് കോഴി വരുന്നില്ലെന്നാണ് വിലയേറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നത്. എന്നാൽ ഈ സാഹചര്യങ്ങളൊന്നും പോത്തിറച്ചി വിലയെ ബാധിച്ചിട്ടില്ല. ലോക്ക് ഡൗണിന് മുൻപുണ്ടായിരുന്ന 350 രൂപയ്ക്കാണ് ഇന്നലെയും പോത്തിറച്ചി വിൽപ്പന ജില്ലയിൽ നടന്നത്.