kitchen

 നിരാലംബർക്ക് വീടുകളിൽ ഭക്ഷണം എത്തിച്ച് തുടങ്ങി

കൊല്ലം: വിശന്നിരിക്കേണ്ടി വരില്ലെന്ന ആത്മവിശ്വാസം സാധാരണക്കാരന് നൽകിയ സാമൂഹിക അടുക്കളകൾ ജില്ലയിലെങ്ങും ജനകീയമാകുന്നു. കൊല്ലത്തിന് വിശക്കാതിരിക്കാൻ ഇന്നലെ 88 സാമൂഹിക അടുക്കളകളാണ് സജ്ജമായത്. പഞ്ചായത്തുകളിൽ 74 ഉം നഗരസഭകളിൽ 14 ഉം അടുക്കളകളാണ് തുറന്നത്. ഇന്നലെ മാത്രം 16,957 പേർക്ക് ഭക്ഷണം വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപങ്ങൾക്കാണ് അടുക്കളയുടെ നടത്തിപ്പ് ചുമതല.

ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകൾ, പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ, കൊല്ലം നഗരസഭ എന്നിവിടങ്ങളിൽ അടുക്കളയുടെ പ്രവർത്തനങ്ങൾക്കായി വിപുല ഇടപെടലാണ് നടക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിൽ ഒന്നും നഗരസഭകളിൽ രണ്ടും അടുക്കളകൾ വേണമെന്നായിരുന്നു നിർദേശമെങ്കിലും ആദ്യ ഘട്ടത്തിൽ തീരുമാനിച്ചതിനേക്കാൾ അടുക്കളകൾ ഇന്നലെ സജ്ജമായി.

കൊല്ലം നഗരസഭയിൽ സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ ഉൾപ്പെടെ എട്ടിടങ്ങളിലാണ് അടുക്കള പ്രവർത്തിക്കുന്നത്. രണ്ടും മൂന്നും അടുക്കളകൾ ഒരേ സമയം പ്രവർത്തിപ്പിക്കുന്ന ഗ്രാമ പഞ്ചായത്തുകളും ജില്ലയിലുണ്ട്. ഉച്ചയൂണ് മാത്രമല്ല പ്രഭാത ഭക്ഷണവും അത്താഴവും ഇവിടെ നിന്ന് ലഭിക്കും.

സാമൂഹിക അടുക്കളയുടെ പ്രവർത്തനം

തദ്ദേശ സ്ഥാപനങ്ങളാണ് അടുക്കള പ്രവർത്തിപ്പിക്കാൻ സ്ഥലവും സൗകര്യവും നൽകുന്നത്. കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളാണ് ഭക്ഷണം തയ്യാറാക്കുക. ഇത്തരം യൂണിറ്റുകൾക്ക് സംസ്ഥാന കുടുംബശ്രീ മിഷൻ അര ലക്ഷം രൂപ റിവോൾവിംഗ് ഫണ്ട്‌ നൽകും. ആവശ്യത്തിന് അരി പൊതുവിതരണ ശൃംഖല വഴി 10.90 രൂപയ്ക്ക് ലഭിക്കും. പലവ്യഞ്ജനങ്ങൾ സപ്ലൈകൊയിൽ നിന്നും പച്ചക്കറി ഹോർട്ടികോർപ്പിൽ നിന്നും വാങ്ങാനാണ് മിക്കവരും ശ്രമിച്ചത്. തയ്യാറാക്കുന്ന ഓരോ ഊണിനും പത്തു രൂപാ വീതം കുടുംബശ്രീ ജില്ലാ മിഷൻ സബ്സിഡി നൽകും.

എന്തൊക്കെയാണ് വിഭവങ്ങൾ

ചോറ്, സാമ്പാർ, പുളിശേരി, അവിയൽ, തോരൻ, അച്ചാർ എന്നിവ അടങ്ങിയ ഊണാണ് ഉച്ചയ്ക്ക് തയ്യാറാക്കി വിതരണം ചെയ്യുന്നത്. ഉപ്പുമാവും കടലയും, ഇഡലി സാമ്പാർ എന്നിവയാണ് പ്രഭാത ഭക്ഷണമായി മിക്ക അടുക്കളയിലും തയ്യാറാക്കുന്നത്. രാത്രിയിൽ ചോറ് നൽകുന്നവരും ചപ്പാത്തി നൽകുന്നവരും ഉണ്ട്. പ്രത്യേക ഭക്ഷണ നിർദേശം ഇല്ലാത്തതിനാൽ ഓരോ കേന്ദ്രത്തിലെയും സാദ്ധ്യതകൾ അനുസരിച്ചാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്.

ഭക്ഷണ വിതരണം എങ്ങനെ?

സാധുക്കളും നിരാലംബരുമായവർക്ക് സൗജന്യമായി ഭക്ഷണം നൽകും. മറ്റുള്ളവർക്ക് പാത്രവുമായി അടുക്കളയിലെത്തി ഭക്ഷണം വാങ്ങാം. ഉച്ചയൂണിന് 20 രൂപയാണ് ഈടാക്കുന്നത്. വീടുകളിൽ എത്തിച്ച് കൊടുക്കുന്നതിന് 25 രൂപ നൽകണം. ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്താൻ പഞ്ചായത്ത്‌ - വാർഡ് തലത്തിൽ രണ്ട് മുതൽ പത്ത് അംഗങ്ങൾ വരെ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷണം വീടുകളിൽ എത്തിക്കുന്നതും ഇവരാണ്

ഭക്ഷണം കിട്ടാൻ എന്തുവേണം?

പഞ്ചായത്തുകളിൽ വാർഡ് മെമ്പർ, നഗര സഭകളിൽ ഡിവിഷൻ കൗൺസിലർ എന്നിവരെ ബന്ധപ്പെടാം. ഭക്ഷണം മിനിറ്റുകൾക്കുള്ളിൽ വീടുകളിലെത്തും. ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട പരിമിതികൾ നേരിട്ടാലും ദിവസങ്ങൾക്കുള്ളിൽ സംവിധാനം പൂർണ തോതിൽ നടപ്പിലാകും.

ഫോൺ നമ്പർ കിട്ടുമോ?

വീടിനടുത്തുള്ള പഞ്ചായത്ത്‌ അംഗത്തെ വിളിക്കുന്നതാണ് കൂടുതൽ ഉചിതം. കൂടുതൽ ആവശ്യങ്ങൾക്ക് ജില്ലാ കളക്ടറേറ്റിലെ കൺട്രോൾ റൂമിനെ ബന്ധപ്പെടാം.

നമ്പർ: 0474 2794002, 2794004

കൊല്ലത്ത് കുടുങ്ങിയവർക്കും

രോഗികൾക്കും ഭക്ഷണം

ജോലി ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് കൊല്ലത്ത് എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 70 പേരെ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് താമസിപ്പിച്ചത്. ഇവർക്കും ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സാമൂഹിക അടുക്കളകളിൽ നിന്ന് ഭക്ഷണം എത്തും.

''

കൊല്ലത്ത് ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല. സാമൂഹിക അടുക്കളകൾ ജില്ലയിലെങ്ങും പ്രവർത്തന സജ്ജമാവുകയാണ്.

ബി.അബ്ദുൽ നാസർ, ജില്ലാ കളക്ടർ