മറ്റാരിലേക്കും പടരാതിരിക്കാൻ തീവ്ര പ്രതിരോധം
കൊല്ലം: പ്രാക്കുളം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. രോഗിയുമായി അടുത്തിടപഴകിയ മിക്കവരെയും കണ്ടെത്തി ഗൃഹ നിരീക്ഷണത്തിലാക്കി. ഇദ്ദേഹം പ്രാഥമിക ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും ഇതിൽ ഉൾപ്പെടും.
പ്രാക്കുളത്തെ കൊറോണ സ്ഥിരീകരണത്തിന് ശേഷം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നടത്തിയ ഇടപെൽ ഇങ്ങനെ:
1. കൊറോണ സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശി എത്തിയ ഇ.കെ 522 എമിറേറ്റ്സ് വിമാനത്തിലെ സഹയാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ തിരുവനന്തപുരം ഡി.എം.ഒയ്ക്ക് നിർദേശം നൽകി.
2. അദ്ദേഹവുമായി അടുത്ത് ഇടപഴകിയ ആളുകളുടെ സാമ്പിളുകൾ ശേഖരിച്ചു (ലഭിച്ചവരുടെ സാമ്പിളുകൾ)
3. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യ നില തൃപ്തികരം.
4.ഇദ്ദേഹം ചികിത്സ തേടിയ എല്ലാ ആശുപത്രികളിലും ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പ്രോട്ടോകോൾ പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിച്ചു.
5. തൃക്കരുവ ആരോഗ്യ കേന്ദ്രത്തിലേക്ക് രോഗിയെ കൊണ്ടുപോയ ആംബുലൻസ് ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി.
6. രോഗിയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിൽ പ്രവേശിച്ചു. ആശുപത്രി പൂർണമായും അണുവിമുക്തമാക്കി.
7. പകരം ജീവനക്കാരെ നിയോഗിച്ചാണ് ആരോഗ്യ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്.
8. രോഗി ചികിത്സ തേടിയ ചിന്നക്കട ദേവി ക്ലിനിക് അടച്ചു. ക്ലിനിക്കിൽ രോഗിയുമായി സമ്പർക്കം പുലർത്തിയ എല്ലാ ജീവനക്കാരെയും ഗൃഹനിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് ക്ലിനിക് അണുവിമുക്തമാക്കി.
9. ദേവി ക്ലിനിക്കിന് സമാന്തര സംഘം ഉള്ളതിനാൽ ആശുപത്രി വൈകാതെ വീണ്ടും പ്രവർത്തനക്ഷമമാക്കും.
10. ഇദ്ദേഹം ചികിത്സ തേടിയ അഞ്ചാലുംമൂട് പി.എൻ.എൻ ആശുപത്രിയും അടച്ചു.
11. ഇവിടെയുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും ഗൃഹനിരീക്ഷണത്തിലാക്കി. ഫയർഫോഴ്സ് സംവിധാനം ഉപയോഗിച്ച് ആശുപത്രി അണുവിമുക്തമാക്കി.
12. ജീവനക്കാരുടെ ഗൃഹനിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷമേ ആശുപത്രി തുറന്ന് പ്രവർത്തിപ്പിക്കുകയുള്ളൂ.
13.ദേവി ക്ലിനിക്കിലും പി.എൻ.എൻ ആശുപത്രിയിലും ഉണ്ടായിരുന്ന മുഴുവൻ രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഇവരെ പ്രത്യേകം മുറികളിൽ സർക്കാർ മാർഗനിർദേശം അനുസരിച്ച് പരിചരിക്കും. 14. രോഗി തൃക്കരുവ പി.എച്ച്.സിയിലേക്ക് സഞ്ചരിച്ച ആട്ടോ ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്രൈവറോടും കുടുംബാംഗങ്ങളോടും ഗൃഹനിരീക്ഷണത്തിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു.
15.ദേവി ക്ലിനിക്കിൽ പോയതിന് ശേഷം തിരികെ വരുമ്പോൾ ചായകുടിച്ച ആലപ്പാട് ഹോട്ടൽ അടച്ചിരിക്കുകയാണ്. പൊലീസ് സഹയത്തോടെ ഉടമയെയും ആ സമയത്ത് അവിടെ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും കണ്ടെത്തി ഗൃഹനിരീക്ഷണത്തിലാക്കി.
കണ്ടെത്തേണ്ട വിവരങ്ങൾ
1. 18ന് രാവിലെ 4.45ന് രോഗി തമ്പാനൂരിൽ നിന്ന് പുറപ്പെട്ട് കൊല്ലത്തെത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ വിവരങ്ങൾ.
2. ഡ്രൈവർ, കണ്ടക്ടർ, സഹയാത്രക്കാർ എന്നിവരുടെ വിവരങ്ങൾ അറിയേണ്ടതുണ്ട്.
3. കൊല്ലം വേളാങ്കണ്ണി പള്ളിക്ക് സമീപം രാവിലെ 6.30ന് ബസ് ഇറങ്ങിയ ശേഷം യാത്ര ചെയ്ത ആട്ടോ കണ്ടെത്താനായില്ല.
4. 19ന് രാവിലെ 8.45ന് ദേവി ക്ലിനിക്കിലേക്കും 11.20ന് തിരികെയും യാത്ര ചെയ്ത ആട്ടോ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല.