ഒരു കിലോ ചെറിയുള്ളിക്കും ചെറുപയറിനും 150 രൂപ വീതം ഈടാക്കുന്നു
കൊല്ലം: ജനങ്ങൾക്കുമേൽ പകൽക്കൊള്ള നടത്തി അമിതലാഭം നേടുന്ന വ്യാപാര സ്ഥാപങ്ങളെ നിയന്ത്രിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുകൾ പാഴാകുന്നു. ലോക്ക് ഡൗൺ പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് കടകളിലെത്തിയ അവശ്യസാധനങ്ങൾക്ക് മണിക്കൂറുകളുടെ ഇടവേളകളിലാണ് വില ഉയർത്തുന്നത്.
ചെറിയുള്ളി, സവാള, ചെറുപയർ തുടങ്ങിയവയ്ക്ക് രാവിലത്തെ വിലയല്ല ചില സൂപ്പർ മാർക്കറ്റുകളിൽ പോലും വൈകുന്നേരം ഈടാക്കുന്നത്. പ്രതിസന്ധി തുടങ്ങും മുമ്പ് 70 രൂപയായിരുന്ന ചെറിയുള്ളിക്ക് കഴിഞ്ഞ ദിവസം 150 രൂപ ഈടാക്കിയ കുന്നത്തൂർ താലൂക്കിലെ സൂപ്പർ മാർക്കറ്റ് പൂട്ടിച്ചിരുന്നു. പക്ഷെ ഇന്നലെയും 150 രൂപയ്ക്കാണ് ജില്ലയുടെ പല ഭാഗത്തും ചെറിയ ഉള്ളിയുടെ വിൽപ്പന നടന്നത്. ഇത് സംബന്ധിച്ച് കേരളകൗമുദി ഹെൽപ്പ് നമ്പരിലേക്കും പരാതികൾ വന്നിരുന്നു.
ലോക്ക് ഡൗണിലേക്ക് കടക്കുന്ന ദിവസം ചെറുപയറിന്റെ വില 100 രൂപയായിരുന്നെങ്കിൽ ഇന്നലെ വില 150രൂപയായി വർദ്ധിച്ചു. സഹകരണ വകുപ്പിന്റെ വിൽപ്പന കേന്ദ്രങ്ങളിൽ ചെറുപയറിന് ഇന്നലെയും 94 രൂപ മാത്രമാണ്. സംഘടിതമായ വിലക്കയറ്റത്തെ ചെറുക്കാൻ ജില്ലാ ഭരണ കൂടത്തിന്റെ പരിമിതമായ പരിശോധന സംവിധാനങ്ങൾക്ക് കഴിയുന്നുമില്ല.
സംസ്ഥാന അതിർത്തികൾ അടച്ചുവെന്ന വാർത്തകൾ പ്രചരിക്കുമ്പോൾ അവശ്യ സാധനങ്ങളുടെ വരവ് നിലയ്ക്കുമെന്ന് കരുതി ജനങ്ങൾ വൻ തോതിൽ സാധനങ്ങൾ വാങ്ങാനെത്തുകയാണ്. പ്രതിസന്ധി കാലത്ത് ഏതു വിലയിലും ജനം സാധനങ്ങൾ വാങ്ങുമെന്നതാണ് ചൂഷകർക്ക് നേട്ടമാകുന്നത്.
പൂഴ്‌ത്തിവയ്ക്കലും കൃത്രിമക്ഷാമവും
ജില്ലയുടെ കിഴക്കൻ അതിർത്തിയിലെ ഒരു കടയിൽ രണ്ടുകിലോ പഞ്ചസാര ചോദിച്ചെത്തിയ ആൾക്ക് കൊടുത്തത് അരകിലോ പഞ്ചസാര. സാധനം ഇല്ലെന്നായിരുന്നു മറുപടി. ആവശ്യത്തിന് സാധനങ്ങൾ ജില്ലയിൽ ഉണ്ടെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് പറയുമ്പോഴാണ് ഒരു വിഭാഗം ജനങ്ങളെ പരിഭ്രാന്തരാക്കുന്നത്. പൂഴ്ത്തിവച്ച് കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റം ഉണ്ടാക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്.