പുനലൂർ:ലോക്ക് ഡൗണിന്റെ ഭാഗമായി റോഡുകളിൽ പൊലീസിന്റെ പരിശോധന കർശനമാക്കിയതോടെ പല പ്രദേശങ്ങളും വിജനം. അത്യാവശ്യ സർവീസുകളുടെ ഭാഗമായുള്ള വാഹനങ്ങൾക്ക് മാത്രമാണ് പൊലീസ് യാത്രാനുമതി നൽകിയത്. ആദ്യ ദിവസങ്ങളിൽ നിരോധനം ലംഘിച്ച് നിരവധി വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയെങ്കിലും നടപടികൾ കർശനമാക്കിയതോടെ ഇതിന് കുറവുണ്ടായി. നിയമലംഘനം നടത്തിയതിന്റെ പേരിൽ നിരവധിപേർക്കെതിരെ കേസെടുത്ത പൊലീസ് അസംഖ്യം വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഇതും വാഹനങ്ങൾ കുറയുന്നതിന് കാരണമായി.
മെഡിക്കൽ സ്റ്റോറുകൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ മുതലായവ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. എല്ലാ പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എല്ലാ റൂട്ടുകളിലുടെയും കടന്നുവരുന്ന വാഹനങ്ങൾ പൊലീസും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും സംയുക്ത പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് കടത്തിവിടുന്നത്. പുനലൂർ ടൗൺ വിജനമായതോടെ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളും പൊതുനിരത്തുകളും നടപ്പാതകളും പുനലൂർ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ ശുചീകരിച്ച് അണുവിമുക്തമാക്കി.