കൊല്ലം: മലബാറിലൊരു ചൊല്ലുണ്ട്. തെക്കനെയും മൂർഖനെയും ഒരുമിച്ച് കണ്ടാൽ ആദ്യം തെക്കനെ അടിക്കണമെന്ന്. എന്താണെന്നല്ലേ കാര്യം. തെക്കരോട് വടക്കൻ നാട്ടുകാർക്കുള്ള മതിപ്പാണ് ഈവാക്കുകളിൽ. കൊല്ലമടങ്ങുന്ന തെക്കൻ ജില്ലക്കാർ പാരവയ്പുകാരും വഞ്ചകരുമാണെന്നാണ് അവരുടെ ധാരണ. പറയാൻ കാര്യമുണ്ട്. കേരളത്തിലെവിടെ ഒരു കുറ്റകൃത്യം നടന്നാലും അതിൽ ഒരു കൊല്ലത്തുകാരനോ തിരുവനന്തപുരത്തുകാരനോ ആലപ്പുഴക്കാരനോ കാണുമത്രെ. അത്ര പ്രശ്‌നക്കാരൊന്നുമല്ലല്ലോ നമ്മൾ കൊല്ലംകാരെന്ന് പറയാൻ വരട്ടെ. കൊല്ലത്തുകാർ 80 ശതമാനം പേരും നല്ലതായിരിക്കാം. ബാക്കി പോരേ ഇളക്കി മറിക്കാൻ. ദാ നോക്ക് രാജ്യമാകെ മനോവേദനയിൽ ഉരുകുന്ന കാലമല്ലേ ഇത്. പ്രാർത്ഥനകൾ പോലും നാടിന് വേണ്ടി മാത്രം. ഒരു വശത്ത് ആകുലത പടരുമ്പോൾ ആ കാറ്റിലങ്ങ് തൂറ്റിക്കളയാമെന്ന വിചാരത്തിലാണ് ചില കടക്കാരും മൊതലാളിമാരും. തക്കം നോക്കി ജനത്തെ പിഴിയാൻ കാത്തിരുന്ന പോലുണ്ട് .തക്കാളി മുതൽ പച്ചരിക്ക് വരെ വില കൂട്ടി. കൊല്ലത്തു തലേദിവസം 30 രൂപയ്ക്ക് വാങ്ങിയ ചെറിയ ഉള്ളി പിറ്റേന്ന് വിറ്റത് തോന്നിയ വിലയ്ക്ക്. ആദ്യദിനം 30 നെ 80 ആക്കി.ഒരു മണികൂർ കഴിഞ്ഞ് 110 ആക്കി. ആരും ചോദിക്കാനില്ലെന്ന് മനസിലാക്കിയപ്പോൾ രാത്രിയോടെ വില 125 ആക്കി. പുലർച്ചെ വന്നവരോടെല്ലാം പറഞ്ഞു. വില കൂടുതലാ, സാധനം തീർന്നു. അൽപം മാത്രമാണ് കിട്ടിയത്. 150 രൂപ തന്നാൽ ഒരു കിലോ തരാമെന്ന് പറഞ്ഞു. അത്യാവശ്യക്കാർ വാങ്ങിപ്പോയി. 35 ന്റെ സവാള 80 ആക്കി. പച്ചക്കറി വില പറയാനേയില്ല. 100 രൂപ കിറ്റുകൾക്ക് 200 ആക്കി. ജനം ചോദിച്ചു പോയി, എന്താ പച്ചക്കറിയ്ക്കും കൊറോണ ബാധിച്ചോ ? തീർന്നില്ല ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കോഴി വില ഒത്തിരി താഴെ പോയിരുന്നു. കിലോയ്ക്ക് 20 മുതൽ 60 വരെയായി.മാർച്ച് 15 ഓടെ കൊറോണ പ്രശ്‌നങ്ങളും ലോക്ക് ഡൗൺ ആശങ്കകളുമായതോടെ കോഴി വിലയ്ക്ക് റോക്കറ്റ് വേഗം വന്നു. ഒറ്റയടിയ്ക്ക് 100. പിന്നെ 130 വരെ ആക്കി. പലേടത്തും കോഴികളെയും പൂഴ്ത്തി വച്ച് വിലകേറ്റി. ജനത്തെപ്പറ്റിക്കാൻ കാരണങ്ങൾ കിട്ടിക്കൊണ്ടേ യിരുന്നു. മീൻ വിൽക്കുന്ന ചന്തകൾ കൂടി അടച്ചതോടെ ജില്ലാ കളക്ടറെപ്പോലും വെല്ലുവിളിച്ചാണ് കോഴി വിലയും സാധന വിലയും കൂട്ടിയത്. ഇന്നലെ മാത്രം കേസെടുത്തത് 250 എന്ന് കളക്ടർ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. അത്രയുണ്ട് കൊല്ലത്തെ കാട്ടു കള്ളന്മാർ. കുന്നത്തൂരിൽ ഉളളിക്ക് 140 രൂപ വാങ്ങിയ കട സീൽ ചെയ്തു. പലേടത്തും ഇതേ പോലെ പൂട്ടി. എല്ലായിടത്തും കേസുമെടുത്തു. ജനങ്ങൾ ഇതൊന്നും മറക്കരുത് കേട്ടോ. കൊറോണയല്ല ഏത് കാലത്തായാലും ഇത്തരക്കാരുടെ കടകളിൽ നിന്ന് സാധനം വാങ്ങില്ലെന്ന് ജനം തീരുമാനിക്കണം. എന്ത് സംഭവിച്ചാലും സാധനം വാങ്ങില്ലെന്ന് ഉറപ്പായാൽ ഇത്തരക്കാർ താനെ നിർത്തിക്കോളും. ഇതു പോലെ ഒരുപാട് കൊള്ളലാഭം വാങ്ങിയവരെയും കള്ളത്തരം കാട്ടിയവരെയും കാലം ഒത്തിരി പാഠം പഠിപ്പിച്ചിട്ടുണ്ട്. അതൊന്നും ഇത്തരക്കാർ മറക്കാതിരിക്കുന്നത് നന്നായിരിക്കും. പുര കത്തുമ്പോൾ അയലത്തുകാരന്റെ വാഴവെട്ടുന്നതു പോലെ കാട്ടുകള്ളന്മാരാകാൻ മഹാരോഗത്തെ കാത്തിരിക്കണോ. പണ്ടൊരു കവി പാടിയ പോലെ 'വിഷു വരും വർഷം വരും അപ്പോൾ ആരൊക്കെ എന്തൊക്കെ ആകുമെന്നാർക്കറിയാം". കളളത്തിലൂടെയും കാപട്യത്തിലൂടെയും ഉണ്ടാക്കിയ തൊന്നും ആർക്കും ഗുണം ചെയ്ത ചരിത്രം അത്രയില്ല. ഒരു കൊറോണ കേറി സവാളയിലോ ചെറിയ ഉള്ളിയിലോ സ്ഥാനം പിടിച്ചാൽ പോരേ ? അത് കൈകൾ വഴി പിന്നെ മൂക്കിൽ കയറാൻ എളുപ്പമല്ലേ. അതു കൊണ്ട് കാട്ടു കള്ളന്മാർ കുറച്ചൊക്കെ ജാഗ്രതയോടെ വില കൂട്ടുന്നത് നന്നായിരിക്കും. ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിക്കുമ്പോൾ മിക്കവാറും പത്രങ്ങൾ ആ കടയുടെ പേര് .കൊടുക്കാറില്ല. ആരെയും പേടിച്ചല്ല ഒത്തിരി ജീവനക്കാരുടെ ജീവിതവും ഒരു പ്രസ്ഥാനവും തകർന്നു പോകേണ്ട എന്ന് കരുതിയിട്ടാ. പിടിയ്ക്കപ്പെട്ടാൽ മിക്കവാറും ഹോട്ടലുകളിൽ ഇത്തരം കാര്യങ്ങൾ പിന്നെ ആവർത്തിക്കാറില്ല. ചിലർ ആവർത്തിച്ചവരുണ്ട്. ഒരേ എണ്ണയിൽ 15 തവണ കോഴിയെ പൊരിച്ചവരും അതിൽ തന്നെ മീൻ പൊരിച്ചവരെപ്പറ്റിയും കേട്ടിട്ടുണ്ട്. ഇങ്ങനെ പൊരിച്ച പലരും ഇപ്പോൾ തിരുവനന്തപുരത്തെ ആർ.സി.സി യിൽ ചികിത്സയിൽ കിടക്കുന്നത് കൊല്ലംകാരൻ കണ്ടിട്ടുണ്ട്. അതു കൊണ്ട് പൊട്ടനെ ചെട്ടി കബളിപ്പിച്ചാൽ ചെട്ടിയെ ദൈവം കബളിപ്പിക്കുമെന്ന കാര്യം കാട്ടുകള്ളന്മാർ മറക്കരുതേ.