കുന്നത്തൂർ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ലോക്ക് ഡൗണിൽ പട്ടിണിയിലായ ശാസ്താംകോട്ടയിലെ കുരങ്ങുകൾക്ക് ആശ്വാസം. കഴിഞ്ഞ ദിവസം മുതൽ ഭക്ഷണം കിട്ടാതെ ശല്യക്കാരായിരുന്ന കുരങ്ങൾക്ക് നാട്ടുകാരും വിവിധ സംഘടനകളും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഭക്ഷണം നൽകി തുടങ്ങി. ശാസ്താംകോട്ട ജംഗ്ഷനിലും കോളേജിന് കിഴക്കുമായി എകദേശം നൂറിലധികം കുരങ്ങുകളാണുള്ളത്. ക്ഷേത്രത്തിൽ നിന്നും നാട്ടിലെ കടകളിൽ നിന്നുമുള്ള ഭക്ഷണമായിരുന്നു ഇവയുടെ മുഖ്യആഹാരം. ലോക് ഡൗണിൽ കടകൾ അടഞ്ഞതോടെ പച്ചിലകളും വെള്ളവും മാത്രമായി ചുരുങ്ങി. പലതും പട്ടിണിമൂലം മെലിഞ്ഞ് അവശതയിലാണ്. ഇതിനിടെ നാട്ടിലിറങ്ങി നാശനഷ്ടങ്ങളും വരുത്തിയിരുന്നു. വരും ദിവസങ്ങളിൽ വിവിധ യുവജനസംഘടനകളും വ്യക്തികളും മൃഗസ്നേഹികളും ഭക്ഷണം എത്തിക്കാൻ രംഗത്തുണ്ട്. ശാസ്താംകോട്ട കോളേജിന് സമീപമാണ് വിവിധ പഴവർഗങ്ങൾ, ബ്രഡ്, കുടിവെള്ളം എന്നിവയാണ് നൽകിയത്.