chattanoor-police
ചാത്തന്നൂരിൽ ഹെലികാം നിരീക്ഷണത്തിന്റെ ഉദ്ഘാടനം പൊലീസ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ നിർവഹിക്കുന്നു

ചാത്തന്നൂർ: സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി ചാത്തന്നൂർ പൊലീസ് ഹെലികാം ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണം ആരംഭിച്ചു. ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവരിൽ പലരും നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും ചില സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി ആരംഭിച്ചത്. ചാത്തന്നൂർ എ.സി.പിയുടെ നിർദ്ദേശ പ്രകാരം ഹെലികാം അംഗീകൃത സംഘടന 'ഒപ്പം'ത്തിന്റെ പ്രവർത്തകൻ എസ്.കെ. ശ്രാവൺ സൗജന്യമായാണ് ഹെലികാം വിട്ടുനൽകിയത്. രണ്ട് കിലോമീറ്ററോളം ചുറ്റളവിൽ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കാനാകുന്ന ഡിജിറ്റൽ സംവിധാനമുള്ള ഹെലികാമാണ് ഉപയോഗിക്കുന്നത്.

ഹെലികാം നിരീക്ഷണത്തിന്റെ ഉദ്ഘാടനം ചാത്തന്നൂർ പൊലീസ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ നിർവഹിച്ചു. എസ്.ഐമാരായ റെനോക്സ്, ഹരിലാൽ, ബീറ്റ് ഓഫീസർമാരായ അനിൽ, ദിനേശ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജെ.ജി. ഉണ്ണികൃഷ്ണൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.