245 വാഹനങ്ങൾ പിടിച്ചെടുത്തു
കൊല്ലം: കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ചതോടെ നിയന്ത്രങ്ങൾ ശക്തമാക്കിയ പൊലീസ് ലോക്ക് ഡൗൺ വ്യവസ്ഥകൾ അവഗണിച്ച 280 പേരെ അറസ്റ്റ് ചെയ്തു. 282 കേസുകളിലായി 245 വാഹനങ്ങൾ പിടിച്ചെടുത്തു. കൊല്ലം സിറ്റി പൊലീസ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു. കൊല്ലത്തിന് പുറമെ ചാത്തന്നൂർ, കരുനാഗപ്പള്ളി സബ് ഡിവിഷനുകളിലും ഡ്രോൺ പരിശോധനയുണ്ട്. രണ്ട് കിലോമീറ്റർ ചുറ്റളവിലെ നിയമ ലംഘനം കണ്ടെത്താമെന്നതാണ് ഡ്രോൺ പരിശോധനയുടെ നേട്ടം. വിദേശത്ത് നിന്ന് വന്ന ശേഷം ഗൃഹ നിരീക്ഷണത്തിൽ ഇരിക്കാതെ നാട്ടിൽ ചുറ്റിക്കറങ്ങിയ പാരിപ്പള്ളി കോട്ടക്കേറം സ്വദേശി വിഷ്ണു (25), ഓച്ചിറ ക്ലാപ്പന സ്വദേശികളായ ആദർശ് (25), അജാസ് (23), ഇരവിപുരം കൂട്ടിക്കട സ്വദേശി റിനി കൃഷ്ണൻ, കൊല്ലം ശങ്കർ നഗറിൽ അശോകൻ എന്നിവരെ അറസ്റ്റ് ചെയ്ത് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. കൊല്ലത്ത് രണ്ടാമതും കൊറോണ സ്ഥിരീകരിച്ചതോടെ ഇന്ന് മുതൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.